ശബരിമല: മകര സംക്രമ പൂജയുടെ സമയ ക്രമത്തിൽ മാറ്റം ഉള്ളതിനാൽ ജനുവരി 14ന് രാത്രി നട അടക്കില്ല. 15ന് പുലർച്ചെ 2.09 നാണ് സംക്രമ പൂജ നടക്കുക. സംക്രമ പൂജക്ക് ശേഷം പുലർച്ചെ രണ്ടരയോട് കൂടിയാകും ഹരിവരാസനം പാടി നട അടയ്ക്കുക. പതിവിന് വിപരീതമായി 15ന് പുലർച്ചെ 2.09 മണിക്കാണ് ഇത്തവണ മകര സംക്രമ പൂജ നടക്കുക.
സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 2.09 നാവും മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കുന്നത്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും പ്രത്യേക ദൂതൻവശം കൊടുത്തുവിടുന്ന നെയ്യാണ് സംക്രമ ദിനത്തിൽ ഭഗവാന് അഭിഷേകത്തിനായി ഉപയോഗിക്കുകുന്നത്.
സംക്രമപൂജയോട് അനുബന്ധിച്ച് 14 ന് രാത്രി തിരുനട അടയ്ക്കില്ലെന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്. അതുകൊണ്ട് തന്നെ പുലർച്ചെ വരെ ഭക്തർക്ക് ദർശന സൗകര്യവുമുണ്ടാകും. 13ന് വൈകിട്ട് ആചാര്യ വരണം, പ്രാസാദ ശുദ്ധി, 14ന് രാവിലെ ഗണപതിഹോമത്തിന് ശേഷം ബിംബ ശുദ്ധി ക്രിയ എന്നിവ നടക്കും. 14 ന് വൈകിട്ട് 4 മണിക്ക് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴ പൂജ കഴിഞ്ഞ് സംക്രമപൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. തുടര്‍ന്നുള്ള സംക്രമ പൂജകള്‍ക്ക് ശേഷം 15ന് വൈകിട്ട് 6.40 ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം ആകാശനീലിമയിൽ മകര സംക്രമ നക്ഷത്രവും പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും. 20ന് മാളിക പുറത്തു നടക്കുന്ന ഗുരുതിക്കും, 21ന് പന്തളം രാജാവിന്റെ ദർശനത്തിനും ശേഷം രാവിലെ 7ന് നടയടയ്ക്കുന്നതോടെ ഇത്തവണത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് പരിസമാപ്തിയാകും