പത്തനംതിട്ട: തിരുവല്ലയിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധനങ്ങളുമായി പോയ ലോറി പാടത്തെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന വില്ലേജ് ഓഫിസർ ഉൾപ്പെടെയുള്ള യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.
തിരുവല്ല വേങ്ങലിൽ ആണ് സംഭവം. ആലുംതുരുത്തി കഴുപ്പിൽ കോളനിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി പോയ മിനി ലോറിയാണ് വെള്ളക്കെട്ടിലേക്ക് മറിഞ്ഞത്. വെള്ളം നിറഞ്ഞ റോഡിലൂടെ പോകുമ്പോൾ സമീപത്തെ പാടത്തേക്ക് ലോറി മറിയുകയായിരുന്നു.
മഴ പെയ്‌ത് വെള്ളം നിറഞ്ഞതിനാൽ റോഡും പാടവും തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു. കാവുംഭാഗം വില്ലേജ് ഓഫിസറും റവന്യൂ ഉദ്യോഗസ്ഥരുമാണ് ലോറിയിൽ ഉണ്ടായിരുന്നത്. അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തിൽ ഉണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയത്. അതേസമയം ലോറിയിൽ ഉണ്ടായിരുന്ന സാധനങ്ങൾ വെള്ളത്തിൽ നശിച്ചു.
കാർ ഒഴുക്കിൽപ്പെട്ടു: പുതുപ്പള്ളിയിൽ കാർ ഒഴുക്കിൽപ്പെട്ട് അപകടം. പുതുപ്പള്ളി കൊട്ടാരത്തിൽ കടവിൽ ചൊവ്വാഴ്‌ചയാണ് (ജൂലൈ 4) സംഭവം. ചൊവ്വാഴ്‌ച രാത്രിയിൽ കാർ ഒഴുക്കിൽപ്പെടുകയായിരുന്നു. റോഡിന്‍റെ സമീപത്തെ തോട്ടിലേക്ക് കാർ മറിഞ്ഞായിരുന്നു അപകടം. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷിക്കാനായി.
റോഡിൽ വെള്ളം കയറിയെന്നും ഒഴുക്ക് അധികമാണെന്നും പറഞ്ഞിട്ടും കാറിലുള്ളവർ കൂട്ടാക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. ഒഴുക്കിലേക്കിറങ്ങിയ കാർ പെട്ടെന്ന് നിന്നു പോകുകയായിരുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി.
കാറിൽ ഞാലിയാകുഴി സ്വദേശിയും രണ്ട് കുട്ടികളുമാണ് ഉണ്ടായിരുന്നത്. അഗ്നിശമന സേന കാർ ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. കാർ വടം ഉപയോഗിച്ച് കെട്ടിയിട്ടിരിക്കുകയാണ്. കനത്ത മഴയിൽ പുതുപ്പള്ളി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
ഹെൽത്ത് സെന്‍ററിൽ വെള്ളം കയറി: കോട്ടയത്ത് ഹെൽത്ത് സെന്‍ററിൽ വെള്ളം കയറി. കോട്ടയം അയ്‌മനം വല്യാട് പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെന്‍ററിലാണ് സംഭവം. ജൂലൈ അഞ്ചിന് ഉച്ചയോടെയാണ് ഫാമിലി ഹെൽത്ത് സെന്‍ററില്‍ വെള്ളം കയറിയത്. സമീപത്തെ തോട് കരകവിഞ്ഞൊഴുകിയതാണ് വെള്ളം കയറാൻ കാരണമായത്.
ഹെൽത്ത് സെന്‍ററിൽ വെള്ളം കയറിയതിന് പിന്നാലെ മരുന്നും മറ്റ് അവശ്യ വസ്‌തുക്കളും ജീവനക്കാർ കെട്ടിടത്തിൽ നിന്നും മാറ്റിയിരുന്നു. രണ്ട് ഡോക്‌ടർമാരും പത്ത് ജീവനക്കാരുമാണ് ആശുപത്രിയിലുള്ളത്. ഹെൽത്ത് സെന്‍ററിൽ വെള്ളം കയറിയ സാഹചര്യത്തില്‍ കല്ലുങ്കത്ര പള്ളിയുടെ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വയോധികൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു: കനത്ത മഴയെത്തുടര്‍ന്ന് വീടിന് സമീപം രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീണ് 73കാരൻ മരിച്ചു. കോട്ടയം അയ്‌മനം സ്വദേശി ഭാനു കറുമ്പനാണ് മരണപ്പെട്ടത്. ജൂലൈ ആറിനാണ് സംഭവം. കന്നുകാലിക്ക് തീറ്റ നൽകാനായി പോയപ്പോൾ ആണ് അപകടം സംഭവിച്ചത്.
കന്നുകാലിക്ക് തീറ്റ നൽകാനായി പോകുന്നതിനിടെ വീടിന് തൊട്ടടുത്തുള്ള അഞ്ചടിയിലധികം താഴ്‌ചയുള്ള വെള്ളക്കെട്ടിലേക്ക് ഭാനു കറുമ്പൻ വീഴുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
വെള്ളക്കെട്ടിൽ വീണ് മരണം: വെള്ളക്കെട്ടിൽ വീണ് 50കാരന്‍ മരിച്ചു. കണ്ണൂരിൽ സിറ്റി നാലുവയലിലെ ബഷീർ ആണ് വീടിന് മുന്നിലെ വെള്ളക്കെട്ടിൽ വീണ് മരണപ്പെട്ടത്. ജില്ലയില്‍ പെയ്‌ത കനത്ത മഴയില്‍ 12 വീടുകള്‍ ഭാഗികമായി തകരുകയും മതിലിടിഞ്ഞ് വീണ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.