പത്തനംതിട്ട: യാത്രാ ദുരിതത്തില്‍ നട്ടം തിരിയുകയാണ് കോന്നി ആവണിപ്പാറ ആദിവാസി കോളനി നിവാസികള്‍. അച്ചന്‍കോവിലാറിന്‍റെ തീരത്ത് കഴിയുന്ന കോളനി നിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം ഒരു വള്ളവും കയറുമാണ്. അസുഖബാധിതരായവരെ ആശുപത്രിയിലെത്തിക്കുന്നതിലടക്കം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.
പാലം നിര്‍മിച്ച് നല്‍കുമെന്ന വാഗ്‌ദാനം പല തവണ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല. ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കിലോമീറ്ററുകള്‍ താണ്ടി വോട്ടിനായി രാഷ്ട്രീയക്കാര്‍ ഇവരെ കാണാന്‍ എത്തും. വാഗ്‌ദാനങ്ങള്‍ നല്‍കി തിരികെ പോകും. മലമ്പണ്ടാര വിഭാഗത്തില്‍പ്പെടുന്ന മുപ്പത്തിമൂന്ന് ആദിവാസി കുടുംബങ്ങളാണ് ഊരില്‍ ഉള്ളത്. കാട്ടില്‍ നിന്ന് കിട്ടുന്ന വിഭവങ്ങളും സര്‍ക്കാര്‍ സഹായങ്ങളുമാണ് ഇവരുടെ ഏക ആശ്രയം.