പത്തനംതിട്ട: വെള്ളപ്പൊക്കത്തില്‍ പമ്പാ നദി കരകവിഞ്ഞൊഴുകിയപ്പോൾ തിരുവല്ല കടപ്രയിലെ സീറോലാന്‍ഡ്ലെസ് കോളനിയിലെ താഴ്ന്ന പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറിയപ്പോഴും ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ച 11 വീടുകളും പ്രളയത്തെ അതിജീവിച്ചു. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങിപ്പോയ പ്രദേശമാണ് കടപ്ര. പമ്പാ നദിയുടെ തീരത്തെ ഈ ഗ്രാമത്തിലെ വീടുകളില്‍ ചെറിയ വെള്ളപ്പൊക്കത്തില്‍പ്പോലും വെള്ളം കയറുന്ന സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്ത് സീറോ ലാന്‍ഡ്ലെസ് കോളനിയിലെ ലൈഫ് വീടുകള്‍ തറയില്‍ നിന്നും ആറടിവരെ ഉയരമുള്ള തൂണുകളിലാണ് നിര്‍മിച്ചിരിക്കുന്നത്. രണ്ട് മുറികള്‍, അടുക്കള, ഹാള്‍, സിറ്റ് ഔട്ട്, ടോയ്‌ലറ്റ് എന്നിവയടങ്ങുന്ന വീടിന്റെ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയാണ് ചെലവായത്.
ലൈഫ് പദ്ധതിയില്‍ നിന്നും നല്‍കിയ നാല് ലക്ഷം രൂപയും ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ മലയാളി അസോസിയേഷന്‍സ് (ഫോമ) നല്‍കിയ രണ്ട് ലക്ഷം രൂപയും തണല്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ ഒരു ലക്ഷം രൂപയും ചേര്‍ത്താണ് പ്രളയത്തെ അതിജീവിക്കുന്ന വീടുകള്‍ എല്ലാ പണികളും തീര്‍ത്ത് കൈമാറിയത്. തണലിന്റെ പ്രവര്‍ത്തകരാണ് ഭവനനിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. ഇത്തവണത്തെ പ്രളയത്തിലും ഈ പ്രദേശത്തെ മറ്റു വീടുകളില്‍ വെള്ളം കയറിയെങ്കിലും ആറടി ഉയരത്തില്‍ നിര്‍മിച്ച വീടുകളുടെ പടികള്‍ വരെ മാത്രമേ വെള്ളം കയറിയുള്ളു. അതിനാല്‍ ഈ കുടുംബങ്ങള്‍ക്ക് ക്യാമ്പുകളിലേക്ക് മാറേണ്ടി വന്നില്ല. ഫോമയും തണലും ചേര്‍ന്ന് ഈ പ്രദേശത്ത് നിര്‍മിച്ച് നല്‍കിയ മറ്റ് 21 വീടുകളും പ്രളയത്തെ അതിജീവിക്കുന്ന മാതൃകയിലാണ് നിര്‍മിച്ചിട്ടുള്ളത്. റീബില്‍ഡ് കേരള പദ്ധതിയില്‍ പ്രളയബാധിതര്‍ക്കായി മുത്തൂറ്റ് ഗ്രൂപ്പ് നിര്‍മിച്ചുനല്‍കുന്ന 15 വീടുകളും ഈ മാതൃകയില്‍ പണിയുന്നുണ്ട്.