കൊല്ലം : പത്തനാപുരം പാടത്ത് പുലി ഇറങ്ങി ആടിനെ കൊന്നു. പാടം വണ്ടണിയിൽ ഹബീബിന്‍റെ രണ്ട് ആടുകളെയാണ് പുലി പിടിച്ചത്. ഒരാടിനെ പുലി പിടികൂടി കൊല്ലുകയും ആടുകളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഇറങ്ങിയപ്പോൾ പുലി ഓടി മറയുകയുമായിരുന്നു.
എന്നാൽ ഒരു മണിക്കൂറിന് ശേഷം പുലി വന്ന് വീണ്ടും മറ്റൊരാടിനെ ആക്രമിക്കുകയായിരുന്നു. എന്നാൽ ആടിന്‍റെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്ന് ബഹളം വച്ചതോടെ പുലി ഓടിമറഞ്ഞു.
ALSO READ: കൊച്ചിയില്‍ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം അക്രമത്തില്‍ കലാശിച്ചു; നടൻ ജോജുവിന്‍റെ വാഹനം തകര്‍ത്തു
പ്രദേശവാസികൾ പലരും സ്ഥിരമായി പുലിയെ നേരിൽ കണ്ടിട്ടുണ്ട്. മാസങ്ങൾക്ക് മുൻപും ആടുകളെയും വളർത്തുനായയേയും പുലി പിടിച്ച് ഭക്ഷണമാക്കിയിരുന്നു. പ്രദേശത്ത് പുലിയുടെ സാന്നിധ്യമുള്ളതായി നാട്ടുകാർ വനം വകുപ്പില്‍ പരാതിപ്പെടാറുണ്ടെങ്കിലും പ്രയോജനമില്ലെന്ന് ഇവിടുത്തുകാര്‍ പറയുന്നു.
പകലായാലും രാത്രിയായാലും വീടിന് പുറത്തിറങ്ങാനോ തൊഴിലിന് പോകാനോ കുട്ടികൾക്ക് സ്‌കൂളിൽ പോകാനോ കഴിയാത്ത സ്ഥിതിയാണെന്നും നാട്ടുകാർ വ്യക്തമാക്കുന്നു.
പാടം ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിൽ ബേബി, സെക്ഷൻ ഓഫിസർ എംകെ ജയപ്രകാശ്, ബീറ്റ് ഓഫിസർ മധുസൂദനൻ പിള്ള എന്നിവർ ഹബീബിന്‍റെ വീട്ടിൽ എത്തി പരിശോധന നടത്തി.