പത്തനംതിട്ട: ഡ്യൂട്ടിക്ക് വരാതെ കെ സ്വിഫ്‌റ്റ് സര്‍വീസ് ബസിലെ ഡ്രൈവറും കണ്ടക്‌ടറും മുങ്ങിയതോടെ പത്തനംതിട്ട ഡിപ്പോയിലെത്തിയ യാത്രക്കാര്‍ കുടുങ്ങിയത് നാലര മണിക്കൂര്‍. ഡ്രൈവറെയും കണ്ടക്‌ടറേയും ബന്ധപ്പെടാൻ ഫോൺ ചെയ്തെങ്കിലും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. പത്തനംതിട്ട ഡിപ്പോയില്‍ നിന്നും മംഗലാപുരത്തേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരാണ് വലഞ്ഞത്.
ഞായറാഴ്‌ച രാത്രി ഏഴു മണിയോടെയാണ് സംഭവം. വൈകിട്ട് ആറിനാണ് മംഗലാപുരത്തിനുള്ള സ്വിഫ്‌റ്റ് സര്‍വീസ് പുറപ്പെടേണ്ടിയിരുന്നത്. അനിലാല്‍, മാത്യു രാജന്‍ എന്നി ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാര്‍ക്കാണ് ഡ്യൂട്ടി നിശ്‌ചയിച്ചിരുന്നത്.
ഫോണ്‍ സ്വിച്ച് ഓഫ്: ഇവരെ ഞായറാഴ്‌ച വൈകീട്ട് മൂന്നിന് സ്‌റ്റേഷന്‍ മാസ്‌റ്റര്‍ ബന്ധപ്പെട്ടിരുന്നു. രണ്ടുപേരും വരുമെന്നാണ് അറിയിച്ചത്. എന്നാല്‍, അഞ്ചു മണിയായിട്ടും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് ഉദ്യോഗസ്ഥര്‍ മാറി മാറി വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലായിരുന്നു.
ഇതോടെ, യാത്രക്കാര്‍ ബഹളം വച്ച് സ്റ്റാന്‍ഡില്‍ കുത്തിയിരുന്നു. റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് പരീക്ഷയ്ക്ക് പോകുന്ന ഉദ്യോഗാര്‍ഥികള്‍ ഉള്‍പ്പെടെ 25 ഓളം പേര്‍ ബസില്‍ ഉണ്ടായിരുന്നു. ടിക്കറ്റ് ബുക്ക് ചെയ്‌ത യാത്രക്കാര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോ ഉപരോധിച്ചു.
ബസ് പുറപ്പെട്ടത് നാലര മണിക്കൂറിന് ശേഷം: പ്രതിഷേധം കനത്തതോടെ ഡിപ്പോ അധികൃതരും ആശങ്കയിലായി. തുടർന്ന് ഡിപ്പോയില്‍ നിന്ന് പത്താനാപുരവുമായി ബന്ധപ്പെടുകയും ഇവിടെ നിന്നും രണ്ടുപേര്‍ വരാമെന്ന് സമ്മതിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. ഞായറാഴ്‌ച വൈകിട്ട് 5ന് പുറപ്പെടേണ്ട ബസ് ഒടുവില്‍ രാത്രി 9നാണ് പുറപ്പെട്ടത്.
സ്വകാര്യ ബസുകളുടെ അമിത നിരക്കിൽ നിന്നും യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ് സ്വിഫ്റ്റ് സർവീസ്. സ്വിഫ്റ്റ് സർവീസ് ആരംഭിച്ചത് മുതൽ യാത്രക്കാർ കൂടുതലായും ഇതിനെ ആശ്രയിച്ചു തുടങ്ങിയത് സ്വകാര്യ ബസ് ലോബിയ്ക്ക് തിരിച്ചടിയായിരുന്നു. യാത്രക്കാരെ സ്വിഫ്റ്റ് സർവീസിൽ നിന്നും അകറ്റുന്ന തരത്തിൽ ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നിരുത്തരവാദ സമീപനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
Also read: പാലക്കാട് കെഎസ്‌ആർടിസി സ്വിഫ്റ്റ് എത്തി; ജില്ലയ്ക്ക് അനുവദിച്ചിരിക്കുന്നത് രണ്ട് ബസ്