പത്തനംതിട്ട: കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാർ ഉല്ലാസയാത്ര പോകാൻ കൂട്ട അവധിയെടുത്ത സംഭവത്തിൽ ജില്ല കലക്‌ടർ ലാൻഡ് റവന്യൂ കമ്മിഷണർക്ക് റിപ്പോർട്ട് നൽകി. ജീവനക്കാർ കൂട്ട അവധിയെടുത്ത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും ഇത് സർവിസ് ചട്ടങ്ങളുടെ ലംഘനം ആണെന്നും റിപ്പോർട്ടിൽ ഉണ്ട്. ഉല്ലാസ യാത്ര പോയ ജീവനക്കാർ ഔദ്യോഗികമായി അവധി എടുത്തവരാണെന്ന് കണ്ടെത്തിയതായാണ് റിപ്പോർട്ട്.
റിപ്പോർട്ടിൻമേൽ ലാൻഡ് റവന്യൂ കമ്മിഷണറാണ് നടപടി എടുക്കേണ്ടത്. 63 പേരുള്ള ഓഫിസില്‍ കഴിഞ്ഞ വെള്ളിയാഴ്‌ച 21 പേര്‍ മാത്രമാണ് ജോലിക്കെത്തിയത്. അവധിയെടുത്തും അല്ലാതെയും ജോലിയില്‍ നിന്ന് വിട്ടുനിന്നവരില്‍ 19 പേര്‍ സ്റ്റാഫ് കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഉല്ലാസ യാത്ര പോയി.
മറ്റുള്ളവര്‍ ഫീല്‍ഡ് ഡ്യൂട്ടിക്ക് പോയെന്നാണ് അറിയിച്ചത്. ഇന്നലെ രാത്രിയാണ് കലക്‌ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവത്തിൽ ജീവനക്കാരെ കലക്‌ടറേറ്റിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്.
വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയ കൂട്ട അവധി: സംസ്ഥാനത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്‌ത സംഭവമായിരുന്നു കോന്നി താലൂക്ക് ഓഫിസിലെ ജീവനക്കാരുടെ കൂട്ട അവധി. തഹസില്‍ദാറും ഡെപ്യൂട്ടി തഹസില്‍ദാറും ഉള്‍പ്പെടെയുള്ള ജീവനക്കാരാണ് കൂട്ട അവധി എടുത്ത് വിനോദ യാത്ര പോയത്. അതേസമയം കൂട്ട അവധി എടുത്ത കോന്നി താലൂക്ക് ഓഫിസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് ജില്ല കലക്‌ടറില്‍ നിന്ന് ലഭിച്ച ശേഷം നടപടി എടുക്കും എന്നായിരുന്നു മന്ത്രി കെ രാജന്‍റെ പ്രതികരണം. സര്‍ക്കാര്‍ ഓഫിസുകളില്‍ ആരൊക്കെ അവധി എടുക്കുന്നു എന്ന വിവരം മേലധികാരികള്‍ക്ക് കൃത്യമായി ലഭിക്കത്തക്ക വിധത്തിലുള്ള സംവിധാനം കൊണ്ടു വരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് എംഎല്‍എ: ജീവനക്കാര്‍ വിനോദയാത്ര പോയത് ക്വാറി ഉടയുടെ ബസിലാണെന്നും തങ്ങിയത് ക്വാറി ഉടമ ഏര്‍പ്പാടാക്കിയ ഹോട്ടലില്‍ ആയിരുന്നു എന്നും എംഎല്‍എ കെ യു ജനീഷ് കുമാര്‍ ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും മുകളിലാണോ ക്വാറി ഉടമകള്‍ എന്നും വിഷയത്തില്‍ എംഎല്‍എ ആരാഞ്ഞു. താലൂക്ക് ഓഫിസിലെ കൂട്ട അവധിയില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഓഫിസില്‍ എത്തിയ എംഎല്‍എ ഹാജര്‍ രജിസ്റ്റര്‍ പരിശോധിക്കുകയും ചെയ്‌തിരുന്നു.
എന്നാല്‍ വിഷയം അന്വേഷിക്കാന്‍ എംഎല്‍എയ്‌ക്ക് ആര് അധികാരം നല്‍കി എന്നായിരുന്നു എഡിഎമ്മിന്‍റെ പ്രതികരണം. എഡിഎമ്മിന്‍റെ പ്രതികരണവും എംഎല്‍എ ചോദ്യം ചെയ്‌തു. ഗൗരവമുള്ള സംഭവം നടന്നിട്ട് അത് പരിശോധിക്കാതെ എംഎല്‍എയുടെ അധികാരത്തെ ചോദ്യം ചെയ്യാനാണ് എഡിഎം ശ്രമിച്ചത് എന്ന് കെ യു ജനീഷ് കുമാര്‍ വിമര്‍ശിക്കുകയുണ്ടായി.
രഹസ്യ സ്വഭാവമില്ലാത്ത രേഖകള്‍ പരിശോധിക്കാന്‍ എംഎല്‍എയ്‌ക്ക് അവകാശം ഉണ്ടെന്നായിരുന്നു ജനീഷ് കുമാറിന്‍റെ പ്രതികരണം. എഡിഎമ്മിന്‍റെ ആക്ഷേപ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്കും സ്‌പീക്കര്‍ക്കും പരാതി നല്‍കുമെന്നും വ്യക്തമാക്കിയിരുന്നു.
ഇതിനിടെ ജീവനക്കാര്‍ വിനോദയാത്ര പോയതിന്‍റെ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തു വന്നിരുന്നു. നടപടി മുന്നറിയിപ്പ് ലഭിച്ചിട്ടും താലൂക്ക് ഓഫിസ് ജീവനക്കാര്‍ വിനോദയാത്ര തുടര്‍ന്നു എന്നും വിമര്‍ശനം ഉയര്‍ന്നു. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തു വന്നു.