പത്തനംതിട്ട: കുറ്റകൃത്യങ്ങൾക്ക് തടയിടുക എന്ന ലക്ഷ്യത്തോടെ കോന്നി പൊലീസ് നഗരത്തിൽ സിസി ടിവികൾ സ്ഥാപിച്ചു. വ്യാപാരി വ്യവസായി സംഘടനകളുടെയും കോളേജുകളുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയാണ് സിസി ടിവികൾ സ്ഥാപിച്ചത്. ആദ്യ ഘട്ടം എന്ന നിലയിൽ നാല് കിലോമീറ്റർ ഇടവിട്ട് 15 ക്യാമറകളാണ് സ്ഥാപിച്ചത്.
കേബിൾ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ ഒപ്ടിക്കൽ ഫൈബർ സ്ഥാപിച്ചു. ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ കോന്നി പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടർ റൂമിൽ സ്ഥാപിച്ചിട്ടുള്ള മോണിറ്ററിൽ തെളിയും. എം എൽ എ ഫണ്ട് ലഭ്യമാകുമ്പോൾ കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനുള്ള ഉദ്ദേശമുണ്ട്. പദ്ധതി ജില്ലാ പൊലീസ് മേധാവി ജി ജയദേവ് ഉദ്ഘാടനം ചെയ്തു. ക്യാമറകൾ സ്ഥാപിക്കുന്നത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമല്ലെന്നും മറിച്ച് പൊതു സ്ഥലങ്ങളിൽ പൗരൻമാർക്ക് സുരക്ഷിതത്വം ഉറപ്പാക്കുന്നതിനാണെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ അദേഹം പറഞ്ഞു.