പത്തനംതിട്ട : പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സ് വേഷത്തിലെത്തി പ്രസവ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതിയെ വായു നിറച്ച സിറിഞ്ച് ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിൽ സ്വമേധയ കേസെടുത്ത് സംസ്ഥാന വനിത കമ്മിഷന്‍. ദുരൂഹതകളുള്ള കേസ് എന്നത് പരിഗണിച്ചാണ് കമ്മിഷന്‍റെ തീരുമാനം. ഒരാഴ്‌ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കാണ് വനിത കമ്മിഷന്‍റെ നിര്‍ദേശം.
കായംകുളം കരിയിലക്കുളങ്ങര സ്വദേശി അരുണിന്‍റെ ഭാര്യ സ്നേഹയെ (24) കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് വനിത കമ്മിഷൻ കേസ് എടുത്തത്. സംഭവത്തിൽ പ്രതി കായംകുളം പുല്ലുകുളങ്ങര സ്വദേശി അനുഷയെ (25) പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. സ്നേഹയുടെ ഭർത്താവ് അരുണിന്‍റെ സുഹൃത്താണ് അറസ്റ്റിലായ അനുഷ.
ഇതിനിടെ സ്നേഹയുടെ ഭർത്താവായ അരുണിനെ ഇന്നലെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തു. രണ്ടാം തവണയാണ് അരുണിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിച്ചു വരുത്തുന്നത്. പിടിയിലാവുന്നതിന് മുൻപ് അനുഷ ഡിലീറ്റ് ചെയ്‌ത വാട്‌സ്‌ആപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ പൊലീസ് അരുണിനോട് ചോദിച്ചറിഞ്ഞിട്ടുണ്ട്.
ആദ്യത്തെ ചോദ്യം ചെയ്യലിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അരുൺ വീണ്ടും ആവർത്തിച്ചത്. അനുഷ അയച്ച മെസേജുകളുടെ വിവരങ്ങൾ പൊലീസിനോട് വിശദീകരിച്ചിട്ടുണ്ട്. വധശ്രമത്തിന്‍റെ ആസൂത്രണം സംബന്ധിച്ച് അറിയില്ലെന്നാണ് അരുണിന്‍റെ വാദം. അനുഷയുടെ ഫോണിൽ നിന്നും ഡിലീറ്റ് ചെയ്‌ത വാട്‌സ്‌ആപ്പ് ചാറ്റുകൾ വീണ്ടെടുത്താൽ അത് കേസിൽ നിർണായകമാകും.
അനുഷയുടെയും അരുണിന്‍റെയും ഫോണുകള്‍ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കോടതിയുടെ അനുമതിയോടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് ഫോറൻസിക് ലാബിലേക്ക് അയയ്ക്കും എന്ന് പൊലീസ് അറിയിച്ചു. അനുഷ നിലവിൽ റിമാൻഡിലാണ്. അനുഷയെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കോടതിയിൽ അപേക്ഷ നൽകുമെന്നും പൊലീസ് അറിയിച്ചു.
രക്ത ധമനിയിൽ വായു കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമം : അരുണിന്‍റെ പ്രസവിച്ചു കിടന്ന ഭാര്യയെ രക്ത ധമനിയിൽ വായു കുത്തിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അനുഷയ്‌ക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിട്ടുള്ളത്. അരുണിനൊപ്പം ജീവിക്കാൻ വേണ്ടിയാണ് സ്‌നേഹയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് അനുഷ പൊലീസിനോട് പറഞ്ഞത്.
സ്‌നേഹയെ കിടത്തിയിരുന്ന ആശുപത്രിയിലെ മുറിയിൽ എത്തിയ അനുഷയോട് നിങ്ങളെ ഇതുവരെ ഇവിടെ കണ്ടിട്ടില്ലല്ലോ എന്ന് സ്‌നേഹ തിരക്കിയിരുന്നു. എന്നാൽ താൻ ഇത്രയും ദിവസം ലീവിലായിരുന്നു എന്നായിരുന്നു അനുഷയുടെ മറുപടി എന്ന് സ്‌നേഹയുടെ പിതാവ് പറഞ്ഞു. അരുണിന്‍റെ സഹപാഠിയുടെ സഹോദരിയാണ് പ്രതിയായ അനുഷ. അരുണുമായി അനുഷക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
സ്‌നേഹക്ക് മൂന്ന് തവണയാണ് അനുഷ ഇഞ്ചക്ഷൻ എടുത്തത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ആശുപത്രിയിലെ വിവരങ്ങള്‍ അരുണ്‍ അനുഷയുമായി പങ്കുവച്ചിരുന്നു എന്നാണ് പൊലീസ് സംശയിക്കുന്നത്. വെള്ളിയാഴ്‌ച (04.08.23) വൈകിട്ട് അഞ്ചരയോടെയാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിന്‍റെ വേഷം ധരിച്ചെത്തി യുവതിയെ അനുഷ കൊല്ലാൻ ശ്രമിച്ചത്.