പത്തനംതിട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ കാപ്പ ചുമത്തി കരുതല്‍ തടങ്കലിലാക്കി. അടൂര്‍ പള്ളിക്കല്‍ മേക്കുന്നുമുകളില്‍ മീനത്തേതില്‍ വീട്ടില്‍ സുമേഷിനെയാണ് (25) അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയത്. അടൂര്‍, കരുനാഗപ്പള്ളി, നൂറനാട് തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്ന നിരവധി കേസുകളില്‍ പ്രതിയാണ് സുമേഷ്.
നിരവധി കുറ്റ കൃത്യങ്ങളില്‍ പ്രതിയായവര്‍ക്കെതിരെ കാപ്പ നിയമ പ്രകാരം നടപടികള്‍ എടുക്കുന്ന സാഹചര്യത്തിലാണ് സുമേഷിനെതിരെ നടപടിയെടുത്തതെന്നും കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയെന്നും ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ പറഞ്ഞു.
നരഹത്യാശ്രമം, വീടുകയറി അതിക്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ നിരവധി ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിയാണ് സുമേഷ്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അടൂര്‍ ഡിവൈഎസ്പി ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി ഡി പ്രജീഷ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇത്തരത്തില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ തുടര്‍ന്ന് വരികയാണെന്നും ജില്ല പൊലീസ് മേധാവി വ്യക്തമാക്കി.
also read: വിജയ് ബാബുവിനെ ചൊവ്വാഴ്ച വരെ അറസ്റ്റ് ചെയ്യരുത്: ഹൈക്കോടതി