പത്തനംതിട്ട: കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പ്രചാരണം നടത്തിയതിൽ സംസ്ഥാനത്ത് ആദ്യ കേസ്. സമൂഹമാധ്യമങ്ങളില്‍ വിദ്വോഷ പോസ്റ്റ് പങ്കുവച്ചതിൽ പത്തനംതിട്ട കോഴഞ്ചേരി സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിനെതിരെയാണ് കേസ്.
കളമശ്ശേരി യഹോവ സാക്ഷികളുടെ സംഗമത്തിൽ എസ്‌ഡിപിഐ ബോംബാക്രമണം നടത്തി എന്നായിരുന്നു പോസ്റ്റ്. റിവ തോളൂര്‍ ഫിലിപ്പ് എന്ന ഫേസ്‌ബുക്ക് പ്രൊഫൈല്‍ പൊലീസ് നിരീക്ഷിച്ച് വരികയാണ്. മതവിദ്വേഷം വളർത്തുന്ന തരത്തിലുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു.
എസ്‌ഡിപിഐ പത്തനംതിട്ട ജില്ല പ്രസിഡന്‍റിന്‍റെ പരാതിയിലാണ് കേസെടുത്തത്. ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് അടക്കം പരാതിക്കാരന്‍ പൊലീസിന് നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്. മതവിദ്വേഷം വളർത്തുക, കലാപം ഉണ്ടാക്കാൻ ഉദ്ദേശിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
കളമശ്ശേരി സ്‌ഫോടനം ഉണ്ടായതിന് പിന്നാലെ ഫേസ്‌ബുക്ക് അക്കൗണ്ട് വഴി അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പങ്കുവെച്ചു. ഇത് സമൂഹത്തില്‍ കലാപം ഉണ്ടാക്കാനും ഉതകുന്നതാണ് എന്നാണ് ജില്ല പ്രസിഡന്‍റ് നൽകിയ പരാതിയില്‍ പറയുന്നത്.