പത്തനംതിട്ട : ജീവനക്കാര്‍ ഡ്യൂട്ടിയ്ക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് പത്തനംതിട്ട-മംഗലാപുരം കെ സ്വിഫ്റ്റ് സര്‍വീസ് നാല് മണിക്കൂര്‍ വൈകിയ സംഭവത്തില്‍ ഡി.ടി.ഒ തോമസ് മാത്യു സി.എം.ഡി ബിജു പ്രഭാകറിന് റിപ്പോര്‍ട്ട് നല്‍കി. ഡ്യൂട്ടിക്ക് എത്താതിരുന്ന പത്തനാപുരം സ്വദേശികളും കരാര്‍ ജീവനക്കാരുമായ അനിലാല്‍, മാത്യു രാജന്‍ എന്നീ ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് ഡി.ടി.ഒ റിപ്പോര്‍ട്ടിൽ ആവശ്യപ്പെടുന്നു.
ഉറങ്ങിപ്പോയെന്നാണ് ജോലിക്ക് ഹാജരാകാതിരുന്നതിന് ഇരുവരും നല്‍കിയ വിശദീകരണം. ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്‍ട്രോളിങ് ഇന്‍സ്‌പെക്‌ടർ ഇരുവരെയും ഞായറാഴ്‌ച ഉച്ചക്ക് 2.45ന് ഫോണില്‍ വിളിച്ചപ്പോള്‍ ഡ്യൂട്ടിക്ക് എത്താമെന്ന് ഉറപ്പ് നല്‍കിയിരുന്നു. വിളിച്ചതിന്‍റെ തെളിവുകളുമുണ്ട്.
വൈകിട്ട് നാലിനും ഇവർ ഡ്യൂട്ടിയ്ക്ക് എത്താതിരുന്നതിനെ തുടർന്ന് വീണ്ടും വിളിച്ചു. ഈ സമയം ഇവരുടെ ഫോണുകൾ സ്വിച്ച് ഓഫായിരുന്നു. പിന്നാലെ, കെ സ്വിഫ്റ്റ് യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കാന്‍ വൈകിയതിന് പത്തനംതിട്ട ഡിപ്പോ അധികൃതരോട് കെ.എസ്.ആര്‍.ടി.സി സിഎംഡി വിശദീകരണം തേടി. ഇതിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് റിപ്പോർട്ട്.
ഇനി ജീവനക്കാര്‍ എത്താതിരുന്നാല്‍ ബദല്‍ സംവിധാനം ഏർപ്പെടുത്തും. കെ സ്വിഫ്റ്റ് സർവീസ് പുറപ്പെടേണ്ട സമയത്ത് ജീവനക്കാര്‍ ഡ്യൂട്ടിക്ക് എത്തിയില്ലെങ്കില്‍ ബദല്‍ സംവിധാനമായി രണ്ട് ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാരെ റിസര്‍വായി ഡ്യൂട്ടിക്കിടും. നിശ്ചയിച്ച ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ റിസര്‍വ് ഡ്യൂട്ടിയിലുള്ളവർ ബസ് സര്‍വീസ് നടത്തും. സ്വിഫ്റ്റ് സര്‍വീസ് നടത്തി പരിശീലനം നേടിയവരാകും റിസര്‍വ് ഡ്യൂട്ടിയിലുണ്ടാവുക. ബസ് സമയത്ത് പുറപ്പെടുന്നു എന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ഇന്‍സ്‌പെക്‌ടര്‍മാരെയും നിയമിക്കും.
പത്തനംതിട്ടയില്‍ നിന്ന് വൈകുന്നേരം അഞ്ചിന് മംഗളൂരുവിന് പുറപ്പെടേണ്ട ബസാണ് ഡ്യൂട്ടിക്ക് മുന്‍കൂട്ടി നിശ്ചയിച്ച താത്‌കാലിക ജീവനക്കാര്‍ എത്താത്തതിനെ തുടര്‍ന്ന് മണിക്കൂറുകളോളം വൈകിയത്. പത്തനാപുരത്ത് നിന്ന് പകരം ജീവക്കാരെ എത്തിച്ച് യാത്ര ആരംഭിച്ചപ്പോഴേക്കും രാത്രി 9 മണി കഴിഞ്ഞിരുന്നു. റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ് പരീക്ഷ എഴുതാൻ ടിക്കറ്റ് ബുക്ക് ചെയ്‌ത ഉദ്യോഗാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാരാണ് വലഞ്ഞത്. യാത്രക്കാർ ഡിപ്പോയിൽ ഉപരോധ സമരം നടത്തുകയും ചെയ്‌തു.