പത്തനംതിട്ട: ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരം കാണാൻ മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത എത്തി. ഇന്ന് രാവിലെ 9.40ഓടെയാണ് വലിയ മെത്രാപ്പൊലീത്ത എത്തിയത്. വിശ്രമ ജീവിതം നയിക്കുന്ന കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നിന്നും ആംബുലൻസിലാണ് വലിയ തിരുമേനിയെ ഡോ.അലക്സാണ്ടർ മെമ്മോറിയൽ ഹാളിൽ എത്തിച്ചത്.
വീൽചെയറിൽ ഇരുത്തി ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയുടെ ഭൗതിക ശരീരത്തിന് മുമ്പിൽ നാല് മിനിട്ടോളം ചെലവഴിച്ചു. തുടർന്ന് ഹാളിൽ പ്രത്യേകമായി ക്രമീകരിച്ചിരിക്കുന്ന ഭാഗത്ത് ഇരുന്ന വലിയ മെത്രാപ്പൊലീത്ത 20 മിനിട്ടുകൾക്ക് ശേഷം ആംബുലൻസിൽ തിരികെ മടങ്ങി. ക്രിസോസ്റ്റം വലിയ തിരുമേനിയുടെ അനാരോഗ്യത്തെ തുടർന്ന് 14 വർഷം മുമ്പാണ് ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പൊലീത്തയെ മാർത്തോമ്മ സഭാധ്യക്ഷനായി തെരഞ്ഞെടുത്തത്.