പത്തനംതിട്ട : വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് 11 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്‌തു. കൊല്ലം പത്തനാപുരം കാരമൂട് സ്വദേശി സുധീർ (51) ആണ് പിടിയിലായത്. പന്തളം കുളനട സ്വദേശിനിയിൽ നിന്ന്, ഓസ്ട്രേലിയയിൽ കെയർടേക്കർ ആയി ജോലി വാഗ്‌ദാനം ചെയ്‌ത് 2022 മുതൽ 2023 വരെയുള്ള കാലയളവിലാണ് പ്രതി പണം തട്ടിയത്. ബാങ്ക് അക്കൗണ്ട് വഴി 11,25,000 രൂപ കൈപ്പറ്റിയ ശേഷം ജോലിയോ പണമോ തിരികെ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ്.
തട്ടിപ്പ് നടത്തി കിട്ടുന്ന പണം കൊണ്ട് ആഢംബര ജീവിതം നയിക്കുന്നതായിരുന്നു പ്രതിയുടെ രീതി. തട്ടിപ്പിനിരയായ യുവതിയുടെ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. തുടർന്ന് പന്തളം പൊലീസ് ഇൻസ്പെക്‌ടർ ടി ഡി പ്രജീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ തിങ്കളാഴ്‌ച (10.07.2023) പ്രതിയെ പത്തനാപുരത്തുള്ള വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. സംഘത്തിൽ എസ്‌ഐമാരായ വിനു, വിനോദ് കുമാർ, അനിൽ കുമാർ സിപിഒമാരായ പ്രകാശ്, അൻവർഷാ, സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് അടൂർ, ചാലക്കുടി, കൊടകര, ഇരിങ്ങാലക്കുട, രാജപുരം, കാലടി എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
സമാനമായ ജോലിത്തട്ടിപ്പ് കേസ് ഇടുക്കിയിലും; കഴിഞ്ഞ ദിവസമാണ് വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയ യുവതിയെ കട്ടപ്പന പൊലീസ് പിടികൂടിയത്. ഇടുക്കി കാഞ്ചിയാർ സ്വദേശിനിയായ സിന്ധുവാണ് അറസ്റ്റിലായത്. കുവൈറ്റിൽ ജോലി വാഗ്‌ദാനം ചെയ്‌താണ് കോഴിമല സ്വദേശിനിയായ ഷൈനിയിൽ നിന്ന് പ്രതി മുരിക്കാട്ടുകുടി മറ്റത്തിൽ സിന്ധു ഒന്നര ലക്ഷം രൂപ രണ്ട് തവണയായി വാങ്ങിയത്.
ആദ്യം ഘഡുവായി ഒരു ലക്ഷത്തി അയ്യായിരം രൂപയും പിന്നീട് നാൽപ്പത്തി അയ്യായിരം രൂപയും കൈക്കലാക്കിയെന്നാണ് പരാതി. കഴിഞ്ഞ മാർച്ച് മാസത്തിലാണ് പരാതിക്കാരി സിന്ധുവിനെ സമീപിച്ചത്. പണം നൽകിയാൽ ഒരു മാസത്തിനകം ഹോം നഴ്‌സ് ജോലിയ്‌ക്കായി കുവൈറ്റിലേക്ക് പോകാമെന്നായിരുന്നു വാഗ്‌ദാനം. എന്നാൽ പറഞ്ഞ സമയം കഴിഞ്ഞിട്ടും പുരോഗതി ഒന്നുമുണ്ടാകാത്തതിനാൽ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ഇവർ നൽകാൻ തയ്യാറായില്ല. ഇതോടെയാണ് ഷൈനി പൊലീസിൽ പരാതി നൽകിയത്.
ALSO READ : വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിപ്പ്; വ്യത്യസ്‌ത കേസുകളിൽ ഇടുക്കിയിൽ രണ്ട് പേർ പിടിയിൽ
സിന്ധു കോഴിക്കോട്, വയനാട് സ്വദേശികളുടെ പക്കൽ നിന്നും സമാന രീതിയിൽ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം നഷ്‌ടമായവർ ഡൽഹിയിൽ വൈദ്യപരിശോധനക്കായി എത്തിയപ്പോഴാണ് തട്ടിപ്പിന് ഇരയായതായി മനസിലാകുന്നത്. പരാതിക്കാരി ഷൈനിയുടെ ബന്ധുവായ യുവാവിൽ നിന്നും ഒമാനിൽ ജോലി വാഗ്‌ദാനം ചെയ്‌ത് പണം തട്ടിയതായും പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. സിന്ധുവിനെ പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തിയാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.