പത്തനംതിട്ട: സുരേഷ് ഗോപി എം.പി വഴി പ്രധാനമന്ത്രിക്ക് പേരത്തൈ നൽകിയ പന്തളം ആഞ്ജനേയത്തിൽ ജയലക്ഷ്‌മിക്ക് പ്രണയം പ്രകൃതിയോടും കൃഷിയോടുമാണ്. ഓരോ വീട്ടിലും കൃഷിയിടമുള്ള ഇന്ത്യയെ കുറിച്ചാണ് പ്ലസ് വൺ വിദ്യാർഥിയായ ജയലക്ഷ്‌മി ചിന്തിക്കുന്നത്. കൃഷി ഇല്ലാതാകുന്നത് പ്രകൃതിയുടെ നാശത്തിന്‍റെ വഴിയൊരുക്കലാണെന്ന് മനസിലാക്കേണ്ട കാലം വൈകിയിരിക്കുന്നു എന്ന് പറയുമ്പോൾ ജയലക്ഷ്‌മിയുടെ വാക്കുകളിൽ കുട്ടി ശാസ്‌ത്രജ്ഞയുടെ ഗൗരവം നിറയുന്നു.
കൃഷിയെ കുറിച്ചുള്ള തന്‍റെ ആശയങ്ങൾ ഉൾപ്പെടുത്തി ജയലക്ഷ്‌മി പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. വിഷരഹിത പച്ചക്കറികളും കാർഷിക വിഭവങ്ങളും ഉൽപ്പാദിപ്പിക്കാൻ രാജ്യത്തെ 'മൻ കി ബാത്തി'ലൂടെ ഓർമിപ്പിക്കണമെന്ന് കത്തിൽ സൂചിപ്പിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ ജയലക്ഷ്‌മിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദന കത്ത് മറുപടിയായി ലഭിച്ചു.
പേരതൈ പ്രധാനമന്ത്രിക്ക് നൽകി ജയലക്ഷ്‌മി
ഇതിനിടയിൽ സുരേഷ് ഗോപി എം.പി പത്തനാപുരം ഗാന്ധിഭവനിൽ എത്തുന്ന വിവരമറിഞ്ഞ ജയലക്ഷ്‌മി പന്തളം എൻഎസ്എസ് പോളിടെക്‌നിക് കോളജിൽ അധ്യാപികയായ അമ്മ ദീപ്‌തിയുമായി ഗാന്ധിഭവനിൽ എത്തി നീല പേര തൈ സുരേഷ് ഗോപിക്ക് കൈമാറി. പ്രധാനമന്ത്രിയുടെ അഭിനന്ദനം ലഭിച്ച വിവരമറിഞ്ഞ സുരേഷ് ഗോപി പേര തൈ പ്രധാനമന്ത്രിയുടെ കൈകളിലെത്തിക്കുമെന്ന് ജയലക്ഷ്‌മിക്ക് ഉറപ്പ് നൽകി. പേര തൈ പ്രധാനമന്ത്രിയുടെ കൈകളിൽ എത്തുകയും ചെയ്തു.
വീട്ടിലെത്തുന്നവർക്ക് വിത്ത് ഫ്രീ
കൃഷി ശാസ്ത്രജ്ഞയാകുക എന്നതാണ് ജയലക്ഷ്‌മിയുടെ ആഗ്രഹം. വീട്ടുവളപ്പിലെ കൃഷി തോട്ടത്തിൽ പരീക്ഷണയിനങ്ങളായ പച്ചക്കറികളും പഴങ്ങളുമുണ്ട്. വീട്ടിൽ കൃഷി തോട്ടം കാണാനെത്തുന്നവർക്കും നാട്ടുകാർക്കും വിത്തുകൾ സൗജന്യമായി നൽകും. എന്നാൽ ചെടി പൂവിടുമ്പോൾ അതിന്‍റെ ഫോട്ടോ അയച്ചു തരണമെന്ന നിബന്ധന ജയലക്ഷ്‌മി പറയും. കൊണ്ടുപോകുന്ന വിത്തുകളും തൈകളും കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിത്.
പഠനത്തിലും നൂറ് മേനിയാണ് ജയലക്ഷ്‌മിക്ക്. പന്തളം എൻഎസ്എസ് ഗേൾസ് സ്കൂളിൽ നിന്നും പത്താം ക്ലാസിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി വിജയിച്ച ജയലക്ഷ്‌മി ഇപ്പോൾ വിഎച്ച്എസ്ഇ യിൽ അഗ്രിക്കൾച്ചർ വിഭാഗത്തിൽ പഠനം തുടരുന്നു. സംസ്ഥാന കൃഷിവകുപ്പിന്‍റെ 2019 ലെ കർഷക തിലകം പുരസ്കാരം, മികച്ച വിദ്യാർഥിക്കുള്ള കൃഷിവകുപ്പിന്റെ ജില്ല തല പുരസ്കാരം, പ്രതിഭാമരപ്പട്ടം, ഉൾപ്പെടെ നിരവധി അവാർഡുകൾ ജയലക്ഷ്മിയെ തേടിയെത്തിയിട്ടുണ്ട്.