പത്തനംതിട്ട : പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഹര്‍ത്താലിനിടെ പന്തളത്ത് കെ.എസ്.ആർ.ടി.സി. ബസിന് കല്ലെറിഞ്ഞതിനെ തുടര്‍ന്ന് ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ കാർത്തികപ്പള്ളി ചെറുതന സ്വദേശി സനുജാണ് (32) പിടിയിലായത്. പന്തളം ഡിപ്പോയിലെ ഡ്രൈവർ രാജേന്ദ്രനാണ്(49) കണ്ണിന് പരിക്കേറ്റത്.
ഇന്ന് (സെപ്‌റ്റംബര്‍ 24) രാവിലെ താമരക്കുളത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. ഇന്നലെ (സെപ്‌റ്റംബര്‍ 23) രാവിലെ ഏഴ് മണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. പന്തളത്ത് നിന്ന് പെരുമണിലേക്ക് സര്‍വീസ് നടത്തുന്നതിനായി ഡിപ്പോയില്‍ നിന്ന് ബസ് പുറപ്പെടുമ്പോഴാണ് ബൈക്കിലെത്തിയ രണ്ട് പേരില്‍ പുറകിലിരുന്നയാള്‍ ബസിന് നേരെ കല്ലെറിഞ്ഞത്.
also read: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; വ്യാപക അക്രമം, 170 പേര്‍ അറസ്‌റ്റിൽ, 157 കേസുകൾ
ബൈക്ക് ഓടിച്ചയാളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ലെന്നും അയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ സനുജ് വിശാല്‍ വധക്കേസിലും മറ്റ് അടിപിടി കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. എസ്.എച്ച്.ഒ.എസ് ശ്രീകുമാർ, എസ്.ഐ.മാരായ ബി.എസ് ശ്രീജിത്ത്, ബി. അനിൽകുമാർ സി പി ഒമാരായ അർജുൻ കൃഷ്ണൻ, കെ. അമീഷ്, എസ്. അൻവർഷ , പി.എസ് ശരത്, വി.ജി സഞ്ജയൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.