പത്തനംതിട്ട: മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി ദൃശ്യങ്ങൾ പകർത്തിയവര്‍ക്കെതിരെ കേസ്. പത്തനംതിട്ട സീതത്തോട് മലവെള്ളപ്പാച്ചിലിൽ ഒഴുകി വന്ന തടിയുടെ മുകളിൽ കയറി നിന്ന് ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെയാണ് കേസെടുത്തത്. കോട്ടമൻപാറ സ്വദേശികളായ രാഹുൽ സന്തോഷ്, നിഖിൽ ബിജു, വിപിൻ സണ്ണി എന്നിവർക്കെതിരെയാണ് കേസ്.
ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തിലെത്തിയ 'നരന്‍' എന്ന ചിത്രത്തിലേത് പോലെ പെരുമഴയത്ത് ഒഴുകിവന്ന തടി പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാക്കൾ. നരനിലെ തന്നെ പാട്ട് പിന്നണിയിലിട്ട് ചിത്രീകരിച്ചതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തിങ്കളാഴ്ചയാണ് (01.08.2022) ഇവർ തടി പിടിക്കുന്ന ദൃശ്യങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും.