പത്തനംതിട്ട : തിരുവല്ല കുന്നന്താനത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തു. കുന്നന്താനം പാലയ്‌ക്കാത്തകിടി സ്വദേശി വേണുക്കുട്ടന്‍ നായരാണ് ഭാര്യ ശ്രീജയെ കുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്‌തത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു സംഭവം.
കുടുംബ വഴക്കാണ് കാരണമെന്ന് പൊലീസ് പറയുന്നു. ശ്രീജയുടെ വയറിലും മാറിടത്തിലും കുത്തേറ്റിട്ടുണ്ട്. വേണുക്കുട്ടന്‍റെ കഴുത്തിനാണ് മുറിവേറ്റിരിക്കുന്നത്. ദമ്പതികള്‍ തമ്മിലുളള സംഘട്ടനത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്നാണ് സംശയിക്കുന്നത്. കീഴ്‌വായ്‌പൂര്‍ പൊലീസ് സ്ഥലത്തെത്തി.
പയ്യന്നൂരില്‍ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു: കഴിഞ്ഞ ദിവസമാണ് പയ്യന്നൂർ കാങ്കോലിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന വാർത്ത പുറത്തുവന്നത്. (Man Killed Wife In Payyanur). കണ്ണൂർ കാട്ടിലെ പീടിക, തയ്യിൽ വളപ്പിൽ സ്വദേശിനി പ്രസന്ന വികെയെ ഭർത്താവ് ഷാജിയാണ് കൊലപ്പെടുത്തിയത്. പിന്നാലെ പ്രതി പൊലീസിൽ കീഴടങ്ങി.
പയ്യന്നൂരിനടുത്ത് കാങ്കോൽ ബമ്മാരടി കോളനിയിലാണ് ഒക്‌ടോബർ 25ന് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ബമ്മാരടി കോളനിയിലെ നിർമാണ തൊഴിലാളിയായ ഷാജി ഭാര്യ പ്രസന്നയെ വീടിനകത്ത് വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രസന്നയുടെ നിലവിളി കേട്ട് അയൽവാസികളായ സ്ത്രീകൾ എത്തിയപ്പോൾ തല പൂർണമായും വേർപെട്ട നിലയിൽ മൃതദേഹം കാണുകയായിരുന്നു. അയൽക്കാർ എത്തുന്നതിനു മുന്‍പു തന്നെ ബൈക്കിൽ പുറത്തേക്കു പോയ ഷാജി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നതെന്ന് പയ്യന്നൂർ ഡിവൈഎസ്‌പി കെ ഇ പ്രേമചന്ദ്രൻ പറഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് ഒരു വർഷമായി പ്രസന്നയും മൂന്ന് മക്കളും കണ്ണൂർ കാട്ടിലെ പീടികയ്ക്കടുത്ത സ്വന്തം വീട്ടിലായിരുന്നു താമസം. നാട്ടിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ പ്രസന്ന കാങ്കോലിലെ ഷാജിയുടെ വീട്ടിലെത്തിയത്. ആ സമയത്താണ് കൊല നടന്നത്.
പുല്‍പ്പള്ളിയെ നടുക്കി ഇരട്ട കൊലപാതകവും ആത്മഹത്യയും: ഒക്‌ടോബർ 21നാണ് പുല്‍പ്പള്ളി ചെതലയം ആറാം മൈലില്‍ ഭാര്യയേയും മകനെയും വെട്ടിക്കൊലപ്പെടുത്തി (Wayanad Pulpally Murder) ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തത് (Man Commits Suicide After Killing Wife And Son). ഷാജുവാണ് ഭാര്യ ബിന്ദുവിനെയും മകൻ ബേസിലിനെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്.
മദ്യപാന ശീലമുള്ള ഷാജു കുടുംബവുമായി വഴക്കിട്ട് കുറച്ച് നാളുകളായി അകന്നു കഴിയുകയായിരുന്നു. പൊലീസ് കേസുകളെ തുടര്‍ന്ന് വീട്ടില്‍ പ്രവേശിക്കുന്നതിനും ഷാജു നിയമ തടസം നേരിട്ടിരുന്നു. പിന്നാലെയാണ് കൊലപാതകവും ആത്മഹത്യയും. അമ്മയേയും സഹോദരനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് മകള്‍ അയല്‍വാസികളെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.