പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിക്ക് 100 വർഷം കഠിന തടവും പിഴയും. കോന്നി പ്രമാടം കൈതക്കര പാപ്പിമുരുപ്പേല്‍ കോളനിയില്‍ ബിനു(37)വിനെയാണ് പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്‌ജി ജയകുമാര്‍ ജോണ്‍ നൂറ് വര്‍ഷം കഠിന തടവിനും രണ്ടര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാല്‍ നാല് വര്‍ഷം അധിക തടവിനും ശിക്ഷ വിധിച്ചു.
അന്തിമ ഘട്ടത്തില്‍ ശിക്ഷയെ പറ്റി ചോദിച്ചപ്പോള്‍ പ്രതി പെണ്‍കുട്ടിയെ വിവാഹം കഴിച്ച് സംരക്ഷിക്കാന്‍ തയാറാണെന്ന വിചിത്ര വാദവും ഉന്നയിച്ചു. 2020 വര്‍ഷത്തെ മധ്യവേനല്‍ അവധിക്ക് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി അമ്മയുടെ മാതാപിതാക്കളെ ശുശ്രൂഷിക്കുന്നതിനായി അവർക്കൊപ്പം താമസിച്ചുവന്നിരുന്ന സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്.
ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മനസിലാക്കിയത്. ആശുപത്രിയില്‍ നിന്നും നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട വനിത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി.
വിവാഹിതനും പീഡിപ്പിക്കപെട്ട പെൺകുട്ടിയുടെ പ്രായമുള്ള മകളും ഉള്ള പ്രതിയുടെ വിവാഹ വാഗ്‌ദാനം ക്രൂരമായ മാനസിക സ്ഥിതിയുടെ ഉദാഹരണമാണെന്ന പ്രോസിക്യൂഷന്‍റെ വാദം കോടതി അംഗീകരിച്ചു. വനിത പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ആയിരുന്ന എ ആര്‍ ലീലാമ്മയാണ് കേസിന്‍റെ അന്വേഷണം നടത്തി അന്തിമ കുറ്റപത്രം കോടതിക്കു സമര്‍പ്പിച്ചത്.
ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയതിനും 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തതിനുമുള്ള ശിക്ഷകള്‍ പ്രത്യേകം പ്രത്യേകം അനുഭവിക്കണമെന്നും മറ്റു വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പ്രത്യേകം പറഞ്ഞിട്ടുള്ളതിനാല്‍ പ്രതിക്ക് എണ്‍പതു വര്‍ഷം തടവില്‍ കഴിഞ്ഞാല്‍ മതിയാകും.