പത്തനംതിട്ട: ക്രൂരമായ രണ്ട് കൊലപാതകങ്ങൾ നടന്നിട്ടും അയൽക്കാരും നാട്ടുകാരും ഒന്നും അറിഞ്ഞില്ല. തിരുമ്മുകാരൻ വൈദ്യൻ ഭഗവൽ സിങ്ങിനെ കുറിച്ച് നാട്ടുകാർക്കും നല്ല അഭിപ്രായം. എന്നാൽ, ഇരട്ടക്കൊലപാതകങ്ങളുടെ മനസ് മരവിപ്പിയ്ക്കുന്ന കഥകൾ കേട്ട് ഞെട്ടിയിരിക്കുകയാണ് അയൽവാസികളും നാട്ടുകാരും. കേരളത്തിൽ തന്നെ കേട്ടു കേൾവിയില്ലാത്ത തരത്തിലുള്ള കൊലപാതകങ്ങളാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും സിദ്ധനെന്ന പേരിൽ സ്ത്രീകളെ എത്തിച്ച മുഹമ്മദ് ഷാഫിയും ചേർന്ന് നടത്തിയത്.
അയൽപ്പക്കത്തുള്ള രണ്ട് വീടുകളിൽ നിന്നും താഴ്‌ചയിലാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്. വീടിന്‍റെ ഒരേക്കറോളം വരുന്ന പിൻഭാഗം കാടുകയറി കിടക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ പുറത്തേയ്ക്ക് അറിയാറില്ല. ഭഗവൽ സിങ് എന്ന പേരിൽ തന്നെ വൈദ്യന് ഫേസ്ബുക് അക്കൗണ്ട് ഉണ്ട്. ഇത് നിറയെ ഹൈക്കു കവിതകളുടെ പോസ്റ്റുകളുമാണ്.
ഉയർന്ന ചിന്താഗതിക്കാരെപ്പോലെയാണ് ഭഗവൽ സിങിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ. ഇതിനൊക്കെ നിരവധി ലൈക്കുകളും കമന്‍റുകളും ലഭിച്ചിട്ടുമുണ്ട്. ഹൈക്കു കവിതകളുമായി ബന്ധപ്പെട്ട് യോഗങ്ങൾ സംഘടിപ്പിച്ച് ഇയാൾ അതിൽ ക്ലാസുകളും എടുത്തിട്ടുണ്ട്.
ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ പോലും ഇതുവരെ കാണാനിടയായിട്ടില്ല. ഇവരുടെ വീട്ടിൽ നിന്നും ആഭിചാര ക്രിയകൾ നടത്തുമ്പോഴുള്ള ഒരു ശബ്‌ദ സൂചനകളും കേട്ടിട്ടില്ലെന്ന് അയൽവാസികളും പറയുന്നു. മൂന്ന് പ്രതികളെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഇത്തരത്തിൽ വേറെയും കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും.
മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെടുത്തു: ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്, ലൈല ദമ്പതികളുടെ വീട്ടുവളപ്പില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ ആദ്യം കണ്ടെത്തിയത് പത്മയുടെ മൃതദേഹാവശിഷ്‌ടങ്ങളാണ്. തലയടക്കമുള്ള ഭാഗങ്ങളാണ് കിട്ടിയത്. ഇരുപത് കഷണങ്ങളാക്കിയശേഷം മൃതദേഹം ആഴത്തിൽ കുഴിച്ചുമൂടുകയായിരുന്നു.
മൃതദേഹാവശിഷ്‌ടങ്ങളുടെ മേല്‍ ഉപ്പ് വിതറിയ നിലയിലായിരുന്നു. മൃതദേഹാവശിഷ്‌ടങ്ങള്‍ കുഴിച്ചിട്ടശേഷം അതിനുമുകളിലായി മഞ്ഞള്‍ നടുകയും ചെയ്‌തിരുന്നു. പ്രതികള്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. വീടിന് മുന്നിൽ നിന്നും മീറ്ററുകൾ മാറിയാണ് പത്‌മയുടെ മൃതദേഹം കുഴിച്ചിട്ടത്.
ഉച്ചയ്ക്ക് ശേഷമാണ് റോസ്‌ലിയുടെ മൃതദ്ദേഹം കണ്ടെത്താൻ ആരംഭിച്ചത്. പ്രതികൾ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വീടിനോട് ചേർന്ന് അലക്കുകല്ല് സ്ഥാപിച്ചിരുന്ന ഭാഗത്ത് കുഴിയെടുത്ത് നടത്തിയ തെരച്ചിലിലാണ് റോസ്‌ലിയുടെ മൃതദേഹം കണ്ടെത്തിയത്.
നാടിനെ നടുക്കിയ നരബലി: കുടുംബത്തിന് ഏറ്റ ശാപം മാറാനും സാമ്പത്തിക അഭിവൃദ്ധിയുമുണ്ടാകാനുമാണ് ഭഗവല്‍ സിങ്, ഭാര്യ ലൈല, ഷാഫി എന്നിവര്‍ ചേര്‍ന്ന് നരബലി നടത്തിയത്. ബലിയര്‍പ്പിക്കാനുള്ള സ്ത്രീകളെ കൊണ്ടുവന്നത് ഷാഫി തന്നെയായിരുന്നു. 'ശ്രീദേവി' എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ റഷീദ് എന്ന ഷാഫി, ഭഗവൽ സിങ് വൈദ്യനുമായി പരിചയത്തിലായി. തുടര്‍ന്ന് പെരുമ്പാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്‌തിപ്പെടുത്തിയാല്‍ സമ്പത്ത് വരുമെന്നും ശ്രീദേവി എന്ന വ്യാജ അക്കൗണ്ടിലൂടെ വൈദ്യനെ വിശ്വസിപ്പിച്ചു.
പിന്നീട് റഷീദിന്‍റെ നമ്പർ എന്ന് പറഞ്ഞ് ഷാഫിയുടെ തന്നെ നമ്പർ വൈദ്യന് നൽകി. ഷാഫിയെ ഭഗവൽ സിങിനും ഭാര്യ ലൈലയ്ക്കും പൂർണ വിശ്വാസമായിരുന്നു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്‍റെ മുന്നില്‍വച്ച് വൈദ്യന്‍റെ ഭാര്യ ലൈലയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. ഇങ്ങനെ ചെയ്‌താല്‍ ഫലപ്രാപ്‌തി കൂടുമെന്ന് പറഞ്ഞ് വൈദ്യനെ വിശ്വസിപ്പിച്ചായിരുന്നു ലൈംഗിക ബന്ധം.
പിന്നീട് നരബലി നല്‍കിയാല്‍ കൂടുതല്‍ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താന്‍ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല ചിത്രത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം രൂപ തരാമെന്ന് പറഞ്ഞാണ് റോസ്‌ലിയെ ഇലന്തൂരിലെത്തിച്ചത്. വീട്ടില്‍ എത്തിച്ച റോസ്‌ലിയെ അവിടെ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയില്‍ കട്ടിലില്‍ കെട്ടിയിട്ടു. സിനിമയില്‍ അഭിനയിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോള്‍ സ്വാഭാവികത വരുത്താനാണെന്നായിരുന്നു പ്രതികൾ മൂവരും റോസ്‌ലിയോട് പറഞ്ഞത്. തുടർന്ന് ഷാഫി ചുറ്റിക കൊണ്ട് റോസ്‌ലിയുടെ തലയില്‍ ആഞ്ഞടിച്ചു. ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. അതിനുശേഷം കത്തി ഉപയോഗിച്ച് ജനനേന്ദ്രിയത്തിൽ മുറിവുണ്ടാക്കി രക്തം ശേഖരിച്ച് ആഭിചാര ക്രിയയുടെ ഭാഗമായി വീടിനു ചുറ്റും രക്തം തളിച്ചുവെന്നുമാണ് മുഖ്യപ്രതി ഷാഫി പൊലീസിനോട് പറഞ്ഞത്.
ഇതിനു ശേഷവും ഉദ്ദേശിച്ച സാമ്പത്തിക ഐശ്വര്യം ലഭിച്ചില്ലന്ന പരാതിയുമായി ഭഗവൽ സിങ് വീണ്ടും ഷാഫിയെ സമീപിച്ചതോടെയാണ് ഒരു നരബലി കൂടി ആവശ്യമാണെന്ന് വിശ്വസിപ്പിച്ച് രണ്ടാമത്തെ കൊലപാതകം കൂടി ആസൂത്രണം ചെയ്‌തത്. ആദ്യത്തേത് പോലെ നേരത്തെ പരിചയമുണ്ടായിരുന്ന പത്മം എന്ന കടവന്ത്രയിൽ താമസിക്കുന്ന ലോട്ടറി വിൽപ്പനക്കാരിയായ തമിഴ്‌നാട് സ്വദേശിയെ തിരുവല്ലയിൽ ഭഗവൽ സിങ്ങിന്‍റെ വീട്ടിലെത്തിച്ച് ആദ്യ കൊലപാതകത്തിന് സമാനമായ രീതിയിൽ കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം ഇരുപത്തിയേഴിന് ഈ കൊലപാതകം നടന്നുവെന്നാണ് പൊലീസ് കരുതുന്നത്.
Also read: ദുര മൂത്ത് കഴുത്തറുത്ത് രക്തമൊഴുക്കിയ നരബലി, കേരളം ഞെട്ടിത്തരിച്ച കറുത്ത ചൊവ്വ