പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍. റോസ്‌ലിനും പത്മയ്ക്കും മുന്‍പ് ജില്ലയിൽ നിന്നുള്ള രണ്ട് സ്‌ത്രീകളെ എത്തിച്ച് സംഘം കൊലപ്പെടുത്താൻ ശ്രമിച്ചതായി പ്രതികള്‍ മൊഴി നല്‍കി. ലോട്ടറി വില്‍പനക്കാരിയായ പത്തനംതിട്ട ആനപ്പാറ സ്വദേശി ആയിരുന്നു ആദ്യത്തെ ഇരയാകേണ്ടിയിരുന്നത്.
ഇവരുടെ കൈവശം ഉണ്ടായിരുന്ന ലോട്ടറി ടിക്കറ്റുകൾ മുഴുവൻ വാങ്ങി സൗഹൃദം സ്ഥാപിയ്ക്കുകയായിരുന്നു ഷാഫി ആദ്യം ചെയ്‌തത്. ഒരു വര്‍ഷം മുൻപായിരുന്നു സംഭവം. തുടർന്ന് തിരുമ്മല്‍ കേന്ദ്രത്തില്‍ 18,000 രൂപ ശമ്പളം കിട്ടുന്ന ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ഇവരെ ഇലന്തൂരിലെ ഭഗവൽ സിങ്ങിന്‍റെ വീട്ടിൽ എത്തിച്ചു.
ആദ്യ ദിവസം 1000 രൂപ കൂലിയായി നല്‍കി. രണ്ടാമത്തെ ദിവസം വീടിനോട് ചേർന്നുള്ള കേന്ദ്രത്തിൽ തിരുമ്മല്‍ കഴിഞ്ഞുനില്‍ക്കുന്ന സമയം ഭഗവല്‍ സിങ്ങും ലൈലയും ഇവരെ വീട്ടിലേക്ക് ക്ഷണിച്ചു. വീടിനകത്ത് കയറിയ യുവതിയെ ഇരുവരും ചേര്‍ന്ന് കട്ടിലിലേക്ക് തള്ളിയിട്ട് കൈകള്‍ കെട്ടിയിട്ടു.
കാലുകള്‍ കെട്ടാന്‍ തിരിഞ്ഞ സമയത്ത് കൈകളിലെ കെട്ടഴിച്ച് രക്ഷപ്പെടാന്‍ യുവതി ശ്രമിച്ചു. ഇതിനിടയില്‍ ഷാഫി ഇവരുടെ മുഖത്തടിച്ചു. അടികൊണ്ട് നിലത്ത് വീണെങ്കിലും വീടിനകത്തുനിന്നും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതിനിടെ ലൈല അവരെ അനുനയിപ്പിച്ച് തിരികെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി വീടിന് മുന്നിലെ റോഡില്‍ തന്നെ നിന്നു.
ഇതിനുശേഷം ഓട്ടോറിക്ഷ വിളിച്ച് അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. യുവതി ഇപ്പോൾ വിദേശത്താണ്. യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നരഭോജി സംഘം രണ്ടാമത് കണ്ടെത്തിയത് പന്തളത്തുള്ള യുവതിയെയാണ്.
പന്തളത്തെ സ്വകാര്യ ഏജന്‍സി വഴി ലൈലയാണ് യുവതിയെ വീട്ടുജോലിക്കെത്തിച്ചത്. അടുത്ത ദിവസം തന്നെ പ്രതികൾ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിക്കാൻ തുടങ്ങി. ഇവരുടെ ഇടപെടലിൽ അപകടം മണത്ത യുവതി അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ഈ സംഭവങ്ങൾ നടക്കുന്ന സമയത്താണ് പ്രതികൾ വീടിനുമുന്നില്‍ മാലിന്യം നിക്ഷേപിക്കാന്‍ എന്ന് പറഞ്ഞ് കുഴിയെടുത്തത്. വീട്ടിലെത്തിച്ചവരെ കൊന്ന് കുഴിച്ചുമൂടാനുള്ള തയ്യാറെടുപ്പിലായിരുന്നു പ്രതികൾ. ഈ രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് പ്രതി ഷാഫി റോസ്‌ലിനേയും പത്മയേയും കെണിയിൽ പെടുത്തിയത് എന്നാണ് സൂചന.
Also Read: ഫ്രിഡ്ജില്‍ 10 കിലോ മനുഷ്യമാംസം സൂക്ഷിച്ചു, ആന്തരികാവയവങ്ങള്‍ കറി വച്ചു തിന്നുവെന്ന് പ്രതികള്‍
ഇതിനിടെയാണ് അടൂർ മഹാത്മ ജനസേവന കേന്ദ്രത്തിലെ കലക്ഷൻ സ്റ്റാഫായ ഇടപ്പോൺ സ്വദേശി സുമയെ ലൈല വീട്ടിലേക്ക് നിർബന്ധിച്ച് വിളിച്ചുകയറ്റാൻ ശ്രമിച്ചത്. അവരുടെ ഇടപെടലിൽ ദുരൂഹത തോന്നിയാണ് സുമ വീട്ടിൽ കയറാതെ അവിടെ നിന്നും രക്ഷപ്പെട്ടത്.