പത്തനംതിട്ട: കൊവിഡ് കാലത്ത് മാസ്‌ക് നിർമാണത്തിലേർപ്പെട്ട് ഒരു കൂട്ടം വീട്ടമ്മാർ. പത്തനംതിട്ട ഇളകൊള്ളൂരിലെ മുപ്പതോളം വീട്ടമ്മമാരാണ് മാസ്‌ക് നിർമാണത്തിൽ സജീവമായിരിക്കുന്നത്. അവരവരുടെ വീടുകളിൽ ഇരുന്ന് തന്നെയാണ് ഇവര്‍ മാസ്‌കുകൾ തയ്‌ച്ചെടുക്കുന്നത്. സഹായത്തിന് കുട്ടികളും ഗൃഹനാഥൻമാരുമുണ്ട്.
സേവാഭാരതി ഇളകൊള്ളൂർ യൂണിറ്റിന്‍റെ ആശയമാണ് വീട്ടമ്മമാർ നടപ്പാക്കുന്നത്. ലോക്ക് ഡൗണ്‍ തീരുമ്പോൾ ചെറിയ തുക മുടക്കിയാണെങ്കിലും മാസ്‌കുകൾ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാത്തവർ ചുറ്റുവട്ടത്ത് ധാരാളമുണ്ടെന്നും ഇത് മനസ്സിലാക്കിയാണ് മാസ്‌ക് നിർമാണം നടത്തുന്നതെന്നും ഇവര്‍ പറയുന്നു. പ്രമാടം ഗ്രാമപഞ്ചായത്തിലെ നാല് അഞ്ച് വാർഡുകളിലായി 800 വീടുകളിലെ 3500ഓളം പേർക്കുള്ള മാസ്‌കുകളാണ് ഇവർ തയ്‌ച്ചെടുക്കുന്നത്. തുന്നിയ മാസ്‌കുകൾ അണുവിമുക്തമാക്കിയ ശേഷമാണ് വീടുകളിൽ എത്തിക്കുക.