പത്തനംതിട്ട : കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് വീടുകയറി ആക്രമണം നടത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളായ സച്ചു (23), എസ് അനന്ദു(26), ഉണ്ണി എന്ന് വിളിക്കുന്ന വിഷ്‌ണു (26), അച്ചു എന്ന അനന്ദു (24), ആനന്ദ് അജയ് (25) എന്നിവരെയാണ് ഇലവുംതിട്ട പൊലീസ് പിടികൂടിയത്. (Five Arrested for Attack On House Pathanamthitta). കേസിലെ ഒരു പ്രതി ഒളിവിലാണ്.
പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് ആണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന കെ ജോയി എന്നയാളുടെ വീട്ടിലാണ് ആറംഗ സംഘം എത്തി അക്രമം നടത്തിയത്. കഴിഞ്ഞ സെപ്റ്റംബർ 19ന് രാത്രി 10 മണിക്ക് ശേഷമായിരുന്നു സംഭവം. പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി വടിവാൾ ഉൾപ്പെടെയുള്ള മാരകയുധങ്ങളുമായി ആക്രമണം നടത്തുകയായിരുന്നു.
പ്രതികളിൽ ഒരാളായ സച്ചുവിന്‍റെ കയ്യിൽ നിന്നും ജോയിയുടെ മകൻ ജിബിൻ പണം കടം വാങ്ങിയിരുന്നുവെന്നും ഇത് തിരികെ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിൽ എന്നുമാണ് പരാതി (Financial Dispute Attack). പ്രതികൾ ജോയിയെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും വീടിനുള്ളിലെ സാമഗ്രികൾ നശിപ്പിക്കുകയും ചെയ്‌തതായി പരാതിയിൽ പറയുന്നു. കൂടാതെ, പ്രതികൾ വീട്ടുമുറ്റത്ത് കിടന്ന കാറും രണ്ട് ബൈക്കുകളും നശിപ്പിക്കുകയും ചെയ്‌തു.
അക്രമം നടന്നതിന്‍റെ തൊട്ടടുത്ത ദിവസം ജോയി ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. 5,00,000 രൂപയുടെ നഷ്‌ടമുണ്ടായതായി ജോയി പൊലീസിന് മൊഴി നൽകി. തുടർന്ന് ഇലവുംതിട്ട പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഫോൺ കോളുകൾ സംബന്ധമായ വിശദാoശങ്ങൾ ശേഖരിക്കുകയും ടവർ ലൊക്കേഷൻ കണ്ടെത്തുകയും ചെയ്‌തു.
ടവർ ലൊക്കേഷൻ അനുസരിച്ച് തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രതികൾ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന്, ഒക്‌ടോബർ 6ന് തിരുവനന്തപുരം ജില്ലയിൽ നടത്തിയ അന്വേഷണത്തിൽ പലയിടങ്ങളിൽ നിന്നും അഞ്ച് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്‌തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു.
പ്രതികളിലൊരാൾ ഒളിവിലാണെന്നും പ്രതികൾ സഞ്ചരിച്ചിരുന്ന കാറും ആക്രമിക്കാൻ ഉപയോഗിച്ച വടിവാൾ ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞു. ബാലരാമപുരം, നെയ്യാറ്റിൻകര, നേമം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്‌ത വധശ്രമം ഉൾപ്പെടെയുള്ള മൂന്ന് കേസുകളിൽ പ്രതിയാണ് സച്ചു. നെയ്യാറ്റിൻകര സ്റ്റേഷനിലെ കേസിൽ പിടികിട്ടാപ്പുള്ളിയുമാണ് ഇയാൾ.
തിരുവനന്തപുരം ജില്ലയിലെ സ്ഥിരം കുറ്റവാളികളും വിവിധ കേസുകളിൽ പ്രതികളുമാണ് അറസ്റ്റിലായവരെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു.