പത്തനംതിട്ട: കോന്നി ഇക്കോ ടൂറിസം കേന്ദ്രം, അടവി കുട്ട വഞ്ചി സവാരി കേന്ദ്രം എന്നിവ ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിക്കും . കൊവിഡ് പ്രതിസന്ധി ആരംഭിച്ചതു മുതൽ ഇക്കോ ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനം നിരോധിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ ഇളവ് വരുത്തുന്നത്. കർശന നിയന്ത്രണങ്ങളോടെ ഘട്ടം ഘട്ടമായി തുറന്ന് കൊടുക്കാനാണ് വനം വകുപ്പ് തീരുമാനം.
കൊവിഡ് വ്യാപനം തടയാനായി സംസ്ഥാനത്തെ വനമേഖലയിൽ പ്രവർത്തിക്കുന്ന 60 ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് ചീഫ് ലൈഫ് വാർഡൻ്റെ ഉത്തരവിലൂടെ താൽക്കാലികമായി നിർത്തിവെച്ചത്. ഇവയുടെ ഒന്നാം ഘട്ട പ്രവർത്തനമാണ് നാളെ മുതൽ പുനരാരംഭിക്കുന്നത്. കേന്ദ്ര സoസ്ഥാന സർക്കാരുകളുടെ മൂന്നാം ഘട്ട ലോക് ഡൗൺ ഇളവുകളുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാകും പ്രവർത്തനം. വാഹന പാർക്കിങ് സ്ഥലം ടിക്കറ്റ് കൗണ്ടർ, ഇക്കോ ഷോപ്പ്, കാൻ്റീൻ, മ്യൂസിയം, താമസ സ്ഥലം എന്നിവിടങ്ങളിൽ അകലം പാലിക്കൽ, അണു നശീകരണം നടത്തൽ, സാനിറ്റൈസർ, മാസ്‌ക് എന്നിവയുടെ ഉപയോഗം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കും.