പത്തനംതിട്ട: കാലവർഷക്കെടുതി മൂലം ശബരിമല റോഡുകൾക്കുണ്ടായ നാശനഷ്ടം പരിശോധിക്കാനും ശബരിമല റോഡുകളുടെ പ്രവൃത്തി നിർമാണപുരോഗതി പരിശോധിക്കാനും ഉന്നതതല സംഘത്തെ നിയോഗിച്ചു. പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗത്തിലാണ് പൊതുമരാമത്ത് വകുപ്പ് ജോയിന്‍റ് സെക്രട്ടറി ശ്രീറാം സാംബശിവറാവു ഐ.എ.എസിന്‍റെ നേതൃത്വത്തിലുള്ള ടീമിനെ നിയോഗിച്ചത്.
മൂന്ന് ചീഫ് എഞ്ചിനിയർമാർ കൂടി ഉൾപ്പെടുന്ന ടീം പത്തനംതിട്ട ജില്ലയിലും കോട്ടയം, ഇടുക്കി ജില്ലകളിലും ശബരിമല പാതകളിലെ സ്ഥിതിഗതികൾ നേരിട്ട് എത്തി വിലയിരുത്തും. നിലവിലുള്ള ശബരിമല റോഡ് നിർമാണ പ്രവർത്തനങ്ങളെ കാലവർഷം ബാധിച്ചിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും.
Also Read: ഇത്തവണയും സൈനികർക്കൊപ്പം പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം
പരിശോധനക്ക് ശേഷം വിശദമായ റിപ്പോർട്ട് നൽകുവാനും മന്ത്രി ഉന്നതതല സംഘത്തിന് നിർദ്ദേശം നൽകി. ശബരിമല റോഡ് പ്രവൃത്തി വിലയിരുത്താൻ നവംബർ ഏഴിന് പത്തനംതിട്ടയിൽ പൊതുമരാമത്ത് - ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ അധ്യക്ഷതയിൽ ഉന്നതതല യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.
എം.എൽ.എമാരും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. പൊതുമരാമത്ത് വകുപ്പിലെ ഉന്നതതല സംഘം നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങൾ യോഗം കൈക്കൊള്ളും.