എറണാകുളം : പൊന്നമ്പലമേട്ടിലേക്കുള്ള പ്രവേശനം നിയന്ത്രിച്ച് ഹൈക്കോടതി. ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ ആരും പൊന്നമ്പലമേട്ടില്‍ പ്രവേശിക്കരുതെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പൊലീസിന് കോടതി നിർദേശം നൽകി.
അന്വേഷണത്തിന് ജില്ല പൊലീസ് മേധാവി മേൽനോട്ടം വഹിക്കണമെന്നാണ് ദേവസ്വം ബഞ്ചിന്‍റെ നിർദേശം. പൊന്നമ്പലമേട്ടിൽ പൂജ നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നടപടി. രണ്ടാഴ്‌ച മുൻപാണ് നാരായണ സ്വാമി എന്ന് വിളിക്കുന്ന തൃശൂര്‍ തെക്കേക്കാട്ട് മഠം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഒന്‍പത് അംഗ സംഘം പൊന്നമ്പലമേട്ടിൽ കടന്നുകയറി പൂജ നടത്തിയത്. തമിഴ്‌നാട്ടിൽ നിന്നുള്ളവരും സംഘത്തിൽ ഉള്ളതായാണ് വിവരം.
വൈറലായി ദൃശ്യങ്ങൾ, കേസെടുത്ത് വനം വകുപ്പ് : പൂജ നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ ഇവർ തന്നെ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങൾ വൈറലായതോടെ സംഭവം വിവാദമാവുകയും വിഷയത്തിൽ പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറിയതിന് വനം വകുപ്പ് കേസെടുക്കുകയും ചെയ്‌തു. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ശബരിമല മകര ജ്യോതി തെളിയിക്കുന്ന അതീവ സുരക്ഷാമേഖലയാണ് പൊന്നമ്പലമേട്.
തെറ്റ് ചെയ്‌തിട്ടില്ലെന്ന് നാരായണൻ : കേസിൽ സംഘത്തെ വനത്തിനുള്ളിലേയ്‌ക്ക് കടക്കാൻ സഹായിച്ച കേരള വനം വികസന കോർപറേഷൻ ഗവി ഡിവിഷനിലെ കെഎഫ്‌സിസി സൂപ്പർവൈസർ രാജേന്ദ്രൻ കറുപ്പയ്യ, തോട്ടം തൊഴിലാളി സാബു മാത്യു എന്നിവരെ കഴിഞ്ഞ ദിവസം പച്ചക്കാനം പെരിയാർ കടുവ സങ്കേതം വെസ്‌റ്റ് സ്‌റ്റേഷൻ വന പാലകർ അറസ്‌റ്റ് ചെയ്‌തിരുന്നു. സംഘത്തിലെ നിരവധി പേർ ഇനിയും പിടിയിലാകാനുണ്ട്. പൊന്നമ്പലമേട്ടിൽ പൂജ നടത്തിയത് വനം വകുപ്പിന്‍റെ അനുമതിയോടെയാണെന്നും തങ്ങൾ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നുമാണ് കേസിൽ നാരായണന്‍റെ വിശദീകരണം.
ALSO READ : ആശുപത്രി ലിഫ്റ്റ് തകരാര്‍: സൂപ്രണ്ടിനെ സംരക്ഷിച്ച് ആരോഗ്യ വകുപ്പ്, കോഴിക്കോട് ഡിഎംഒയായി നിയമനം
ശബരിമല കീഴ്‌ശാന്തിയുടെ സഹായിയായി പ്രവർത്തിച്ചിരുന്നെന്ന് പറയുന്ന ഇയാൾ എല്ലാ മാസവും ശബരിമലയിൽ പോകാറുണ്ടെന്നും അയ്യപ്പന് വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്നുമാണ് മാധ്യമങ്ങളോട് പറഞ്ഞത്. പൊന്നമ്പലമേട്ടിൽ പൂജ ചെയ്യണമെന്നത് നീണ്ട നാളത്തെ ആഗ്രഹമായിരുന്നെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ദിവസമാണ് അവിടെ പോയതെന്നും കൂടെ ഉള്ളവർ സഹായികൾ മാത്രമാണെന്നും താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും കേസെടുക്കേണ്ട കാര്യമില്ലെന്നും ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
ALSO READ : പൊന്നമ്പലമേട്ടിലെ അനധികൃത പൂജ : വനം വകുപ്പിന് ഗുരുതര വീഴ്‌ച വന്നുവെന്ന് ദേവസ്വം ബോര്‍ഡ്
ദൃശ്യങ്ങൾ പുറത്തുവന്ന സമയത്ത് താൻ പോയത് പൊന്നമ്പലമേട്ടിൽ അല്ലെന്നും തന്നെ കുരുക്കാൻ ആരോ പ്രചരിപ്പിച്ച ദൃശ്യങ്ങളാണതെന്നുമായിരുന്നു നാരായണന്‍റെ വാദം. എന്നാൽ പിന്നീട് പൊന്നമ്പലമേട്ടിൽ തന്നെ ആണെന്ന് സമ്മതിക്കുകയായിരുന്നു.