പത്തനംതിട്ട : ജില്ലയിൽ കനത്ത ജാഗ്രതാനിര്‍ദേശം നിലനിൽക്കുന്ന സാഹചര്യത്തില്‍ മൂഴിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യത. കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ഡാമുകളില്‍ ഒന്നായ മൂഴിയാര്‍ ഡാമിന്‍റെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ ജലനിരപ്പ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് നിലവില്‍ 192.63 മീറ്ററാണ്.
അതിനാല്‍ ഏതുസമയത്തും മൂഴിയാര്‍ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ 60 മുതല്‍ 120 സെമി വരെ ഉയര്‍ത്തി 100 മുതല്‍ 200 ക്യുമെക്‌സ് വരെ ജലം കക്കാട്ട് ആറിലേക്ക് ഒഴുക്കി വിടും. തുറന്നുവിടുന്ന ജലം മൂലം ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളില്‍ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നേക്കാം. കക്കാട്ടാറിന്‍റെയും, മൂഴിയാര്‍ ഡാം മുതല്‍ കക്കാട് പവര്‍ ഹൗസ് വരെയുള്ള ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ല കലക്‌ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ അറിയിച്ചു.
പത്തനംതിട്ട ജില്ലയിലെ പ്രധാനപ്പെട്ട ഡാമുകളായ കക്കി ആനത്തോട് റിസര്‍വോയറില്‍ ആകെയുള്ള സംഭരണശേഷിയുടെ 63.8 ശതമാനവും പമ്പ ഡാമിലെ സംഭരണ ശേഷിയുടെ 23.37 ശതമാനവുമാണ് നിലവില്‍ നിറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ ഡാമുകളുടെ വൃഷ്‌ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഓരോ മണിക്കൂറും ഡാമിലെ ജലനിരപ്പ് നിരീക്ഷിച്ച് വരുന്നുണ്ട്.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ചെറിയ ഡാമുകളില്‍ പ്രധാനപ്പെട്ട മണിയാര്‍ ബാരേജില്‍ നിന്നും മൂഴിയാര്‍ ഡാമില്‍ നിന്നും സുരക്ഷ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ട് നിയന്ത്രിതമായ തോതില്‍ കുറഞ്ഞ അളവിൽ ജലം പുറത്തേക്ക് വിട്ടുകൊണ്ടിരിക്കുകയാണെന്നും കലക്‌ടർ അറിയിച്ചു.
ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ : ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. റാന്നി അറയാഞ്ഞിലിമണ്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍, പുറമറ്റം വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് എച്ച്എസ്എസ്, ആനിക്കാട് അങ്കണവാടി നമ്പര്‍ 83 എന്നിവിടങ്ങളിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍. റാന്നി അറയാഞ്ഞിലിമണ്‍ സ്‌കൂളിലെ ക്യാമ്പില്‍ മൂന്ന് കുടുംബത്തിലെ 13 പേര്‍ കഴിയുന്നുണ്ട്. വെണ്ണിക്കുളം സെന്‍റ് ബഹനാന്‍സ് എച്ച്എസ്എസിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരും ആനിക്കാട് അങ്കണവാടി നമ്പര്‍ 83ലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ ആറുപേരും കഴിയുന്നു. ളാഹയില്‍ മണ്ണിടിച്ചില്‍ ഭീഷണി മൂലം ഒരു കുടുംബത്തിലെ നാലുപേരെ തൊട്ടടുത്തുള്ള വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു.
രാത്രി യാത്രയ്‌ക്കും വിനോദസഞ്ചാരത്തിനും വിലക്ക് : മഴ പെയ്യുന്ന സാഹചര്യത്തില്‍ ദുരന്തസാധ്യതകള്‍ ഒഴിവാക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള യാത്രകളും രാത്രി ഏഴുമുതല്‍ രാവിലെ ആറുവരെ നിരോധിച്ച് കലക്‌ടര്‍ ഉത്തരവിറക്കി. കൂടാതെ തൊഴിലുറപ്പ് ജോലികള്‍, വിനോദസഞ്ചാരത്തിനായുള്ള കയാക്കിങ്, കുട്ടവഞ്ചി സവാരി, ബോട്ടിങ്, നദികളിലൂടെയുള്ള കടത്ത് എന്നിവ ഓഗസ്റ്റ് ഒന്നുമുതല്‍ നാലുവരെ പൂര്‍ണമായും നിരോധിച്ചു. കൊവിഡ് 19 ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് അടിയന്തര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് ഈ നിരോധനം ബാധകമല്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടി സ്വീകരിക്കും.
ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകരുത്: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് വിട്ടുപോകുന്നത് തടഞ്ഞ് കലക്‌ടര്‍ ഉത്തരവിറക്കി. ഇതുപ്രകാരം എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫിസില്‍ ഹാജരാകണം. തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിറ്റികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും തൊഴിലാളികളും ഓഫിസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കണം.
ജില്ല ദുരന്ത നിവാരണ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് അവരുടെ സേവനം അതാതിടങ്ങളില്‍ ലഭ്യമാക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ ഓഗസ്റ്റ് നാലുവരെ ഉത്തരവിന് പ്രാബല്യമുണ്ട്. ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല.
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇന്‍സിഡന്‍റ് കമാന്‍ഡര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നല്‍കി. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കും.