പത്തനംതിട്ട : കക്കി-ആനത്തോട്, പമ്പ ഡാമുകള്‍ തുറന്നത് ഏറ്റവും അനുയോജ്യ സമയത്തെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആറന്മുള പമ്പ സത്രക്കടവിലെത്തി പമ്പാനദിയിലെ ജലനിരപ്പ് നിരീക്ഷിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
രണ്ടുദിവസം പത്തനംതിട്ട ജില്ലയില്‍ മഴ കുറഞ്ഞുനിന്നതും ഒക്‌ടോബര്‍ 20, 21 തിയ്യതികളില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് കാലാവസ്ഥാവകുപ്പ് നല്‍കിയ സാഹചര്യത്തിലുമാണ് ഡാമുകള്‍ തുറന്നത്. മഴ ഗണ്യമായി കുറഞ്ഞതും തോട്ടപ്പള്ളി സ്‌പില്‍വേയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നതും പമ്പയിലെ ജലനിരപ്പ് ഗണ്യമായി കുറയാന്‍ ഇടയാക്കിയിട്ടുണ്ട്.
Also Read: കനത്ത മഴക്ക് സാധ്യത; അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി
ഡാമുകളില്‍ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന ജലം നദികളുടെ ജലനിരപ്പ് ഉയര്‍ത്തുന്നില്ല.റെഡ് അലര്‍ട്ടില്‍ തുടരുന്ന കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ യഥാക്രമം 90 സെന്‍റീമീറ്ററും 50 സെന്‍റീമീറ്ററുമാണ് ഉയര്‍ത്തിയിട്ടുള്ളത്. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പ് നിലവിലുള്ളതിനാലാണ് ഡാമുകളില്‍ സംഭരണ ശേഷി വര്‍ധിപ്പിക്കാന്‍ ഷട്ടറുകൾ ഉയര്‍ത്തിയിയതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല കലക്‌ടറുടെ നേതൃത്വത്തില്‍ ദുരന്തനിവാരണ അതോറിറ്റി വിദഗ്‌ധ സമിതിയുടെ നിര്‍ദേശപ്രകാരം മാത്രമാകും ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത് അപ്പര്‍ കുട്ടനാട്ടിലാണ്.
വെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയതും ജില്ലയില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് മുന്നില്‍ കണ്ടുമാണ് അപ്പര്‍ കുട്ടനാടന്‍ പ്രദേശങ്ങളില്‍നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്. പത്തനംതിട്ട ജില്ലയില്‍ ജോലിചെയ്യുന്ന മറ്റ് ജില്ലക്കാരായ ഉദ്യോഗസ്ഥരും 25 വരെ ക്യാമ്പ് ചെയ്യണമെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.