പത്തനംതിട്ട: ലോക്ക് ഡൗണ്‍ ഇളവുകൾക്ക് പിന്നാലെ ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങിയതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി തിരുവല്ല ആരോഗ്യവകുപ്പ്. കർശന ഉപാധികളോടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുമതി ലഭിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങൾ പുറത്തിറങ്ങിയതാണ് തിരക്ക് വർധിക്കാനിടയാക്കിയത്. സൂപ്പർ മാർക്കറ്റുകളിലും പച്ചക്കറി കടകളിലും ഉച്ചവരെ തിരക്ക് അനുഭവപ്പെട്ടതോടെ ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ പരിശോധനകളും ബോധവല്‍കരണവും കൂടുതല്‍ ശക്തമാക്കി.
ജനങ്ങളുമായി കൂടുതല്‍ സമ്പർക്കം പുലർത്തുന്നവരുടെ സ്രവങ്ങൾ ശേഖരിക്കുന്ന നടപടിയും കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, പൊലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, ജനപ്രതിനിധികൾ, ബാങ്ക് ജീവനക്കാർ, സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർ, പച്ചക്കറി - പഴം മാർക്കറ്റുകളിലെ ജീവനക്കാർ, ചുമട്ട് തൊഴിലാളികൾ എന്നിവരുടെ സ്രവങ്ങളാണ് പ്രധാനമായും പരിശോധനയ്ക്കായി ശേഖരിക്കുന്നത്. ഈ വിഭാഗങ്ങളെ ചെറു ഗ്രൂപ്പുകളായി തിരിച്ചുള്ള ബോധവൽകരണ പരിപാടികൾക്കും തുടക്കമായി. സൂപ്പർ മാർക്കറ്റുകളിലും പച്ചക്കറി മാർക്കറ്റുകളിലും എത്തുന്ന പൊതുജനങ്ങളുടെ ശരീര ഊഷ്മാവ് ഇൻഫ്രാറെഡ് തെർമോമീറ്റർ ഉപയോഗിച്ച് അളക്കുന്ന പരിശോധനയും വ്യാപകമാക്കി. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ മൂന്ന് പേർ മാത്രമാണ് തിരുവല്ലയിൽ നിലവിൽ നിരീക്ഷണത്തിൽ തുടരുന്നത്. ഇവരുടെ സ്രവ പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്. നിരീക്ഷണ കാലാവധി അവസാനിക്കുന്നതിന് മുൻപായി ഒരു തവണ കൂടി ഇവരുടെ സ്രവങ്ങൾ പരിശോധിക്കും. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ പൊതുജനങ്ങൾ തയാറാകണമെന്നും പരിശോധനാ കാര്യങ്ങളിൽ ആരോഗ്യ പ്രവർത്തകരോട് സഹകരിക്കണമെന്നും പുളിക്കീഴ് ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.എം സാബുക്കുട്ടി അറിയിച്ചു.