പത്തനംതിട്ട : പന്തളത്ത് കെഎസ്ആർടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. അസം ധേമാജി സ്വദേശികളായ മോണ്ടി ഫുക്കാൻ (25), ഹിരൺ ചരിൻഗിയ (29) എന്നിവരാണ് മരിച്ചത്. ഇരുവരും പന്തളത്തെ ബേക്കറിയിൽ ജീവനക്കാരാണ്.
ശനിയാഴ്‌ച രാത്രി 10.40 ഓടെ എംസി റോഡിൽ പന്തളം മെഡിക്കൽ മിഷൻ ജങ്‌ഷനില്‍ വച്ചാണ് അപകടമുണ്ടായത്. ബേക്കറിയിൽ നിന്നും സ്‌കൂട്ടറില്‍ സമീപമുള്ള താമസ സ്ഥലത്തേക്ക് പോകുകയായിരുന്നു ഇരുവരും. തിരുവനന്തപുരം ഭാഗത്തുനിന്നും വന്ന കെഎസ്ആർടിസി സൂപ്പർ എക്‌സ്‌പ്രസ് ബസാണ് ഇടിച്ചത്.
Also read: അന്താരാഷ്‌ട്ര പുസ്‌തക മേളയ്ക്കിടെ പോക്കറ്റടി ; നടി രൂപ ദത്ത അറസ്റ്റില്‍
ഇരുവരെയും ഉടൻ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹിരൺ ചരിൻഗിയ മരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വച്ച് ഞായറാഴ്‌ച പുലർച്ചെ 3 മണിക്കാണ് മോണ്ടി ഫുക്കാന് ജീവഹാനിയുണ്ടായത്. പന്തളം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.