തിരുവല്ല: മദ്യപാനവുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കുടുംബവഴക്കിനിടെ കൊച്ചുമകളെ മുത്തച്ഛന്‍ വെട്ടിപരിക്കേല്‍പിച്ചു. തിരുവല്ല നെടുമ്പ്രത്താണ് സംഭവം. നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റേതിൽ കമലാസനൻ ( 76) ആണ് പ്ലസ് ടു വിദ്യാർഥിനിയായ കൊച്ചു മകളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി വൈകിട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം.
വീട്ടില്‍ കൂട്ടം കൂടി മദ്യപിക്കുന്നതിനെ പെണ്‍കുട്ടിയും മാതാവ് അമ്പിളിയും എതിര്‍ത്തതിനെ തുടര്‍ന്നാണ് കൊച്ചുമകളെ കമലാസനന്‍ വെട്ടി പരിക്കേല്‍പിച്ചത്. ഇരു കൈകൾക്കും സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് കമലാസനൻ ഒളിവിൽ പോയി. പുളിക്കീഴ് പൊലീസ് കമലാസനനെ പ്രതിയാക്കി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പിതാവ് മരിച്ച പെൺകുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടിൽ താമസം. കൂട്ടുകാരുമൊത്ത് കമലാസനൻ വീട്ടിലിരുന്ന് മദ്യപിക്കുന്നത് പെൺകുട്ടിയും മാതാവ് അമ്പിളിയും പല തവണ എതിർത്തിരുന്നു. കഴിഞ്ഞ ഒമ്പതാം തീയതി പെൺകുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്ത് കമലാസനൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചിരുന്നു. മടങ്ങിയെത്തിയ മാതാവ് അമ്പിളി ഇതിനെ ചോദ്യം ചെയ്തു. ഇതിൽ ക്ഷുഭിതനായ കമലാസനൻ അടുക്കളയിൽ നിന്നും വെട്ടുകത്തി ഉപയോഗിച്ച് അമ്പിളിയെ ആക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെയാണ് മകൾക്ക് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു.