പത്തനംതിട്ട: ശബരീശ സന്നിധിയില്‍ തിരുവാതിരച്ചുവടുകള്‍ വെച്ച് കുട്ടി മാളികപ്പുറങ്ങള്‍. തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല കലാസാംസ്‌കാരിക മണ്ഡലത്തിലെ 13 നര്‍ത്തകിമാരാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ ചുവടുവച്ചത്. ജീവകലയുടെ നേതൃത്വത്തില്‍ തുടര്‍ച്ചയായ അഞ്ചാം തവണയാണ് 9 വയസിന് താഴെയുള്ള പെണ്‍കുട്ടികളുടെ തിരുവാതിര അയ്യപ്പന് മുന്നില്‍ അര്‍ച്ചനയായി അവതരിപ്പിക്കുന്നത്.
2018 മുതല്‍ കുഞ്ഞ് മാളികപ്പുറങ്ങള്‍ ശബരിമലയില്‍ തിരുവാതിര നടനം അവതരിപ്പിക്കുന്നുണ്ട്. എസ് ആര്‍ ആര്‍ദ്ര, വി എസ് നിരഞ്ജന, എസ് വൈഗ, നിരഞ്ജന റെജി, എ എച്ച് വൈഗ, എസ് ആര്‍ പ്രസിദ്ധ, ദേവനന്ദ എസ് നായര്‍, സാധിക സുനിമോന്‍, എം എ ദുര്‍ഗ, ജി ഋതുനന്ദ, നില സനില്‍, എം ജെ അനുജിമ, എസ് ആര്‍ ആദിലക്ഷ്മി എന്നിവരാണ് അയ്യപ്പ സ്‌തുതികള്‍ക്കൊപ്പം നൃത്തം അവതരിപ്പിച്ചത്. മിത സുധീഷ്, അനില്‍ കെ ഗോപിനാഥ് എന്നിവരാണ് പരിശീലകര്‍.
ഹരിവരാസന കീര്‍ത്തനം രചിച്ച് ഒരു നൂറ്റാണ്ട് പൂര്‍ത്തിയായപ്പോള്‍ 'ഹരിഹരാത്മജം' എന്ന പേരില്‍ ജീവകല 100 ഗായകരെ പങ്കെടുപ്പിച്ച് ഈ കീര്‍ത്തനം അവതരിപ്പിച്ചിരുന്നു. അന്ന് ആദ്യമായാണ് 100 പേര്‍ ഒരുമിച്ച് ഹരിവരാസനം പാടിയത്.