പത്തനംതിട്ട : കൊടുമണില്‍ ഒമ്പതാം ക്ലാസുകാരിയെ സുഹൃത്തുൾപ്പെടുന്ന നാലംഗ സംഘം രാത്രി വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ പെൺകുട്ടിയുടെ സുഹൃത്തുൾപ്പെടെ നാലുപേരെ കൊടുമൺ പൊലീസ് അറസ്‌റ്റ് ചെയ്‌തു (9th class girl abducted from home In Pathanamthitta).
ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു. അജി ശശി, അഭിഷേക് എന്നിവരാണ് അറസ്‌റ്റിലായത്. ഇന്നലെ രാത്രി പെൺകുട്ടിയുടെ കൊടുമണിലെ വീട്ടിലെത്തിയ സംഘം ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകുകയായിരുന്നു. പെണ്‍കുട്ടിയേയും കൊണ്ട് സംഘം സഞ്ചരിച്ച ഓട്ടോറിക്ഷ ഇലന്തൂരിൽ വച്ച് കേടായതിനെ തുടർന്നാണ് പൊലീസ് പിടിയിലായത്.
ഇന്നലെ (ഡിസംബര്‍ 8) രാത്രി 10 മണിയോടെയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിടിയിലായ സംഘത്തിലെ അരുണുമായി പെൺകുട്ടിക്ക് അടുപ്പം ഉണ്ടായിരുന്നു എന്നാണ് വിവരം. വീണ് കാലൊടിഞ്ഞ് കിടപ്പിലായ പിതാവിനെ കാണാനെന്ന വ്യാജേനയാണ് ഇന്നലെ രാത്രി അരുണും മറ്റ് മൂന്നുപേരും പെൺകുട്ടിയുടെ വീട്ടിൽ എത്തിയത്.
ഇവർ വീട്ടിൽ നിന്നും പോകുമ്പോൾ പെൺകുട്ടിയേയും ഓട്ടോയിൽ കടത്തികൊണ്ടു പോകുകയായിരുന്നു. വിവരം അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതായി കൊടുമൺ പൊലീസിൽ പരാതി നൽകി. അരുണിനെ കുറിച്ച് വീട്ടുകാർക്ക് അറിയാമായിരുന്നതിനാൽ ഇയാളുടെ വിവരങ്ങളും വീട്ടുകാർ പൊലീസിൽ നൽകിയിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മറ്റ് പൊലീസ് സ്‌റ്റേഷനുകളുലേക്കും വിവരം കൈമാറിയിരുന്നും. പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ഓട്ടോ കേടായതിനെ തുടർന്ന് ഇലന്തൂരിലെ റോഡരികിൽ വച്ച് സംഘത്തെ പിടികൂടിയത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണു അറസ്‌റ്റ് രേഖപ്പെടുത്തിയത്.
കുറച്ച് ദിവസങ്ങൾക്കു മുൻപ് കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയ നടുക്കത്തിൽ നിന്ന് കേരളം മുക്തിനേടുന്നതിനു മുൻപാണ് പത്തനംതിട്ടയിലും സമാന സംഭവം നടക്കുന്നത്. ട്യൂഷന് പോകുന്ന വഴിയാണ് ആറ് വയസുകാരിയെ തട്ടികൊണ്ടുപോയത്. മോചനദ്രവ്യം ആവശ്യപ്പെട്ട പ്രതികളെ വളരെ വേഗത്തില്‍ പൊലീസ് പിടികൂടുകയായിരുന്നു.
പൊലീസ് രേഖാചിത്രം വളരെ കൃത്യമായാണ് വരച്ചിരുന്നത്. ഇരുവഴി പ്രതികളിലേക്ക് എത്താൻ കയിഞ്ഞു. ഓയൂരിലെ കേസിലെ പ്രതികൾ ഇപ്പോൾ റിമാന്‍ഡിൽ കഴിയുകയാണ്.