പത്തനംതിട്ട : പന്തളം നഗരത്തിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്‍റിൽ ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഫലഖ് മജ്‌ലിസ് എന്ന റസ്റ്റോറന്‍റിലെ അടുക്കളയിലാണ് അഗ്നിബാധയുണ്ടായി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്. ഞായറാഴ്‌ച ഉച്ചയ്ക്ക് ഒരു മണിക്കായിരുന്നു അപകടം.
അടുക്കളയിലെ പാചകവാതകം ചോർന്ന് തീ പടർന്നതിനെ തുടർന്ന് 2 പാചക വാതക സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ഹോട്ടലിന്‍റെ അടുക്കളയില്‍ ജോലിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളായ സൽമാൻ(27), സിറാജുദ്ദീന്‍(30), കടയ്ക്കുമുന്നില്‍ നില്‍ക്കുകയായിരുന്ന പന്തളം പൂഴിക്കാട് പാലമുരുപ്പേല്‍ കണ്ണന്‍(31) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടക്കുമ്പോൾ ഹോട്ടലിൽ ഭക്ഷണം കഴിക്കാന്‍ എത്തിയവർ പുറത്തേക്കോടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് അടൂരിൽ നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. അടുക്കളയിൽ ഉണ്ടായിരുന്ന ആറ് എൽപിജി സിലിണ്ടറുകൾ അഗ്നിരക്ഷാസേന നീക്കം ചെയ്‌തു.
അടുക്കള ഉപകരണങ്ങൾ, പാത്രങ്ങൾ, ഫിറ്റിങ്സുകൾ, ഗ്ലാസ് ഡോറുകൾ, ജനൽ കതകുകൾ എന്നിവയെല്ലാം കത്തിയമർന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്‌ടം കണക്കാക്കുന്നു. പന്തളം സ്വദേശികളാണ് ഹോട്ടൽ നടത്തിപ്പുകാർ.