പത്തനംതിട്ട: മുട്ട വിൽപ്പന എന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന രണ്ട് പേരെ എക്‌സൈസ് സംഘം പിടികൂടി. തിരുവല്ല സ്വദേശി മജേഷ് എബ്രഹാം ജോൺ, ഇയാളുടെ കൂട്ടാളിയായ കുന്നന്താനം സ്വദേശി സനിൽ കുമാർ എന്നിവരാണ് കാൽ കിലോ കഞ്ചാവുമായി അറസ്റ്റിലായത്. വണ്ടിപ്പെരിയാർ, കോതമംഗലം, തിരുവല്ല, മല്ലപ്പളളി റെയിഞ്ചുകളിലായി നിരവധി കഞ്ചാവ് കേസുകളിലെ പ്രതികളാണ് ഇരുവരും.
ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് കഞ്ചാവ് വിൽപ്പന നടത്തുമ്പോഴാണ് ഇരുവരും എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. വെള്ള പ്ലാസ്റ്റിക്ക് കവറിൽ മുട്ടയുടെ രൂപത്തിൽ ബോളുകളാക്കിയാണ് കഞ്ചാവ് വിറ്റിരുന്നത്. പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി എ പ്രദീപിന്‍റെ നിർദ്ദേശാനുസരണം നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ പിടിയിലായത്. സർക്കിൾ ഇൻസ്പെക്‌ടർ ഐ നൗഷാദും സംഘവും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
താറാവ് മുട്ടകൾക്കിടയിൽ കഞ്ചാവ്: എക്സൈസ് സംഘം എത്തുമ്പോൾ ഇടറോഡിൽ ഒതുക്കി ഇട്ടിരിക്കുന്ന ഓട്ടോയിൽ ഇരുന്ന് പ്രതികൾ കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്നു. പ്ലാസ്റ്റിക്ക് കവറിനുള്ളിൽ സൂക്ഷിച്ച താറാവ് മുട്ടകൾക്കിടയിൽ ബോൾ രൂപത്തിലാക്കിയ നിലയിലായിരുന്നു കഞ്ചാവ്. ഇവരിൽ നിന്നും കഞ്ചാവ് വിറ്റ് കിട്ടിയ 5,220 രൂപയും കണ്ടെടുത്തു.
ഇരുവരും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികൾ: ഒന്നാം പ്രതിയായ മജേഷിന് വണ്ടിപ്പെരിയാർ റെയിഞ്ചിൽ 2.050 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസും കോതമംഗലം റെയിഞ്ചിൽ 2 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസും നിലവിലുണ്ട്. ഈ കേസുകളിൽ കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതിയെ കഴിഞ്ഞയാഴ്‌ച മാരുതി കാറിൽ 50 ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ മല്ലപ്പള്ളി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസിൽ ജയിലിലായി രണ്ട് ദിവസം മുമ്പാണ് കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയത്.
രണ്ടാം പ്രതിയായ സനിൽ കുമാർ വണ്ടിപ്പെരിയാർ റെയിഞ്ചിലെ രണ്ട് കിലോ കഞ്ചാവ് കടത്തിയ കേസിൽ കൂട്ടുപ്രതിയാണ്. തമിഴ്‌നാട്ടിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് 25 ഗ്രാം, 50 ഗ്രാം, 100 ഗ്രാം പൊതികളാക്കി 2000, 3000 ,5000 രൂപ നിരക്കിൽ വിൽപ്പന നടത്തുകയാണ് ഇവരുടെ രീതി. യുവാക്കളാണ് പ്രധാന ഉപഭോക്താക്കൾ. രണ്ടു പേരും ചേർന്ന് ലാഭ വിഹിതം വീതിച്ചെടുക്കുമെന്നും പ്രതികൾ പറഞ്ഞു. കമ്പം തേനി ഭാഗങ്ങളിൽ നിന്നുമാണ് ഇവർ വീര്യം കൂടിയ കഞ്ചാവ് കടത്തിക്കൊണ്ട് വരാറുള്ളതെന്നും എക്‌സൈസ് സംഘം പറഞ്ഞു.