പത്തനംതിട്ട: സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിന്റെ പിടിയിൽ. കല്ലൂപ്പാറ കടമാൻകുളം കല്ലികുഴിയിൽ വീട്ടിൽ സന്തോഷിന്റെ മകൻ ശരത് (22) ആണ് പിടിയിലായത്. കല്ലൂപ്പാറ എഞ്ചിനിയറിങ് കോളജിന് സമീപം കച്ചവടം നടക്കുന്നതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഇയാൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. ചോദ്യം ചെയ്തതിൽ തമിഴ്നാട്ടിലെ കമ്പത്തു നിന്നുമാണ് കഞ്ചാവ് എത്തിച്ചിരുന്നത് . ഓടി രക്ഷപെട്ട ബിബി, പ്രവീൺ എന്നിവരുെടെ വീടുകൾ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിനിടയിൽ ഒരു കിലോയിലധികം തൂക്കം വരുന്ന കഞ്ചാവ് കണ്ടെത്തി. മൂവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ജി.ജയദേവന്‍റെ നിർദേശാനുസരണം കീഴ്വായ്‌പൂര് എസ്എച്ച്ഒ സഞ്‌ജയ് സി.റ്റി, തിരുവല്ല എസ്എച്ച്ഒ പി.ആർ സന്തോഷ്, ഷാഡോ ടീം അംഗങ്ങളായ എസ്ഐ ആർ.എസ് രഞ്‌ജു, എഎസ്ഐ മാരായ ഹരികുമാർ, അജികുമാർ ആർ, സിപിഒ മാരായ ശ്രീരാജ് , സുജിത്ത്, അൻസീം എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജില്ലയിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വില്‍പ്പന തടയുന്നതിന്‍റെ ഭാഗമായി റെയ്‌ഡുകൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു.
: