പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിലാണ് മണ്ഡലത്തിലെ 1437 ബൂത്തുകളിലെയും ഇവിഎം വിവി പാറ്റ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. നിരീക്ഷകൻ സഹദേബ് ദാസ് ,ജില്ലാ കളകടർ പി ബി നൂഹ് ജില്ലാ പൊലിസ് മേധാവി ജി ജയദേവ് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ് സന്തോഷ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്ട്രോങ് റൂമുകളുടെ സീലിങ് നടത്തിയത്.
ഒരു മണ്ഡലത്തിന് മൂന്ന് സ്ട്രോങ് റൂമുകൾ എന്ന നിലയിൽ 21 സ്ട്രോങ് റൂമുകളിലായാണ് 1437 ബൂത്തുകളിലെ മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് സംബന്ധമായ രേഖകൾ സൂക്ഷിക്കുന്നതിനായി ഓരോ നിയോജക മണ്ഡലത്തിനും ഒരു സ്ട്രോങ് റൂം പ്രത്യേകം നൽകിയിട്ടുണ്ട്. വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് സെക്യൂരിറ്റി ഫോഴ്സിനെയാണ് റൂമുകളുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ഓരോ സ്ട്രോങ് റൂമിനും ഒരു പൊലീസ് എന്ന നിലയിൽ 54 പേർ അടങ്ങുന്ന പൊലീസ് സേനയെയും 24 മണിക്കൂര്‍ സേവനത്തിനായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്
ഓരോ റൂമിനും പ്രത്യേകം പവർ സപ്ലൈ നൽകി ഷോർട്ട് സർക്യൂട്ട് സംഭവിക്കാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എ ആർ ഒമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ് റൂമുകളുടെ സുരക്ഷ ഉറപ്പാക്കിയത്. വോട്ടെണ്ണൽ ദിവസമായ മേയ് 23 വരെ വൻ സുരക്ഷാ സംവിധാനമാണ് ചെന്നീർക്കര വിദ്യാലയത്തിൽ ഒരുക്കിയിരിക്കുന്നത്.