പത്തനംതിട്ട: ദുബായില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് ഒന്നര ലക്ഷം തട്ടിയ പ്രതി പിടിയില്‍. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശി സുനില്‍ നെറ്റോയാണ് (53) അറസ്റ്റിലായത്. വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു പേരില്‍ നിന്നാണ് ഇയാള്‍ ഒന്നര ലക്ഷം തട്ടിയെടുത്തത്.
സംഭവം 2021 ഏപ്രിലില്‍
വാടകയ്ക്ക് താമസിച്ചുവന്ന കോട്ടയം പുതുപ്പള്ളി എസ്.കെ.എം അപ്പാര്‍ട്‌മെന്‍റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 2021 ഏപ്രില്‍ 17 നാണ് കേസിന് ആസ്‌പദമായ സംഭവം. കൂടല്‍ അതിരുങ്കല്‍ എലിക്കോട് സതീഷ് ഭവനിൽ ബിനീഷിന്‍റെ പരാതിയിൽ ഡിസംബറിലാണ് കൂടല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
പരാതിക്കാരനായ ബിനീഷിന്‍റെ കൈയിൽ നിന്നും 30,000 രൂപയാണ് പ്രതി വാങ്ങിയത്. പുറമെ, ബിനീഷിന്‍റെ നാല് സുഹൃത്തുക്കളിൽ നിന്നും 30,000 രൂപ വീതം വാങ്ങുകയുണ്ടായി.
ALSO READ: വ്യവസായികളോട് ശത്രുതാ മനോഭാവം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി : പിണറായി വിജയൻ
ഒന്നര ലക്ഷം വാങ്ങിയ പ്രതി പണം നൽകിയവർക്ക് വിസ നൽകാൻ തയ്യാറായില്ല. വിസ ലഭിയ്ക്കില്ലെന്ന് മനസിലായ പരാതിക്കാർ, പണം തിരികെ നൽകണമെന്ന് ഇയാളെ നേരിൽ കണ്ടും അല്ലാതെയും നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ, പണം തിരികെ നൽകാന്‍ പ്രതി തയ്യാറായില്ല.
തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. പത്തനംതിട്ട ജില്ല പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജന്‍റെ നിര്‍ദേശപ്രകാരം കൂടല്‍ പൊലീസ് ഇന്‍സ്‌പെക്‌ടര്‍ ജി പുഷ്‌പകുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.