പത്തനംതിട്ട: സന്നിധാനത്ത് പൊലീസ് സേനയുടെ നാലാമത് ബാച്ച് ചുമതലയേറ്റു. മൂന്നാം ബാച്ച് സേവനം പൂര്‍ത്തിയാക്കി മടങ്ങിയതിനെ തുടര്‍ന്നാണിത്. ബുധനാഴ്‌ച ഉച്ചകഴിഞ്ഞ് നാലാമത് ബാച്ച് ജോലിയില്‍ പ്രവേശിച്ചു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പുതിയ ബാച്ചിന് ഉറപ്പുവരുത്തുമെന്ന് സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ രാധാകൃഷ്‌ണൻ പറഞ്ഞു.
വലിയ നടപ്പന്തലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സന്നിധാനം അസിസ്റ്റന്‍റ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ പദം സിങ് സേനാംഗങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. സാനിറ്റൈസര്‍, ഗ്ലൗസ്, മുഖാവരണം തുടങ്ങിയവ നിര്‍ബന്ധമായും ഉപയോഗിക്കണമെന്നും താമസ സ്ഥലം, അടുക്കള, ശൗചാലയം തുടങ്ങിയവ ഉപയോഗിച്ച് കഴിഞ്ഞ ഉടന്‍ അണുവിമുക്തമാക്കണമെന്നും നിര്‍ദ്ദേശം നല്‍കി. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.