പത്തനംതിട്ട : റാന്നി വെച്ചൂച്ചിറ സ്വദേശിനി ജെസ്‌ന മരിയ ജെയിംസിനെ കാണാതായിട്ട് നാല് വര്‍ഷം. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയെ കണ്ടെത്താൻ പൊലീസ് നടത്തിയ അന്വേഷണം എങ്ങുമെത്തിയില്ല. കൊല്ലമുളയിലെ സന്തോഷ് കവലയ്ക്ക് അടുത്തുള്ള വീട്ടില്‍ നിന്ന് 2018 മാര്‍ച്ച് 22ന് രാവിലെ പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ജെസ്‌ന പോയത്.
അന്വേഷണത്തിന്‍റെ നാൾവഴികൾ: വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്‍റെ മകളാണ് ജെസ്‌ന. ജെസ്‌നയെ കാണാതായ അന്ന് രാത്രി തന്നെ പിതാവ് ജെയിംസ് എരുമേലി പൊലീസ് സ്‌റ്റേഷനിലും പിന്നീട് വെച്ചുച്ചിറ സ്‌റ്റേഷനിലും പരാതി നല്‍കിയിരിന്നു. പഠിക്കാനുള്ള പുസ്തകങ്ങള്‍ അല്ലാതെ മറ്റൊന്നും ജെസ്‌ന എടുത്തിട്ടില്ലായിരുന്നു.
വീട്ടില്‍ നിന്ന് ഓട്ടോറിക്ഷയില്‍ മൂന്നര കിലോമീറ്റര്‍ അകലെയുള്ള മുക്കൂട്ടുതറയിലെത്തുകയും അവിടെ നിന്ന് മുണ്ടക്കയത്തേക്കുള്ള ബസില്‍ കയറിയതായുമാണ് അന്വേഷണത്തിൽ പൊലീസിന് ലഭിച്ച തെളിവ്. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ഐ.ജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്. ജെസ്‌നയുടെ വാട്‌സ് ആപ്പും മൊബൈല്‍ ഫോണുമെല്ലാം പൊലീസ് പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസിന്‍റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക്: ബംഗളൂരു, മംഗലാപുരം, പൂനെ, ഗോവ, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ക്രൈംബ്രാഞ്ച് സംഘം അന്വേഷണം നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി നാലായിരത്തിലധികം ഫോണ്‍ കോളുകളാണ് പരിശോധിച്ചത്. എല്ലാ വഴിക്കുള്ള അന്വേഷണങ്ങളിലേക്കും ക്രൈംബ്രാഞ്ച് നീങ്ങി.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ വിവരശേഖരണത്തിനായി പെട്ടികൾ സ്ഥാപിച്ചു. ജെസ്‌നയെ കണ്ടെത്താനുതകുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഡി.ജി.പി അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. കേസ് അന്വേഷണത്തിന്‍റെ തുടക്കം മുതൽ മറ്റ് സംസ്ഥാനങ്ങളുൾപ്പെടെ പല ഭാഗത്തു നിന്നും ജസ്‌നയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ജെസ്‌നയെ കണ്ടെത്തുന്നതിലേക്ക് വഴിതുറന്നില്ല.
ദുരൂഹത ബാക്കിയാക്കി തിരോധാനം: ഒടുവിൽ കേസില്‍ ശുഭവാര്‍ത്തയുണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് മുന്‍ എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയും പത്തനംതിട്ട മുന്‍ ജില്ല പൊലീസ് മേധാവി കെ.ജി സൈമണും വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിനുശേഷവും ഒന്നും സംഭവിച്ചില്ല. ജെസ്‌നയെ കുറിച്ച് ചില വിവരങ്ങള്‍ ലഭിച്ചുവെന്ന് ക്രൈംബ്രാഞ്ച് മുന്‍ മേധാവി അറിയിച്ചിരുന്നു.
കൂടാതെ പെണ്‍കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്തിയെന്നും ചില കാരണങ്ങളാല്‍ വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പറഞ്ഞതായി മാധ്യമങ്ങളില്‍ വാർത്ത വന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുക്കാമെന്ന് ഫെബ്രുവരി 19ന് സി.ബി.ഐ കോടതിയെ അറിയിച്ചു. കേസ് ഡയറിയും മറ്റു ഫയലുകളും കൈമാറാന്‍ കോടതി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശവും നല്‍കി.
തിരോധാനത്തിന് പിന്നില്‍ ഗൗരവതരമായ എന്തോ ഉണ്ടെന്നും അന്തര്‍ സംസ്ഥാന ഇടപെടല്‍ ഉണ്ടാകാമെന്നുമാണ് സി.ബി.ഐ കരുതുന്നത്. സംസ്ഥാനത്ത് ഏറെ ചർച്ചയായ ജെസ്‌നയുടെ തിരോധാനം നാല് വർഷം പിന്നിടുമ്പോഴും ദുരൂഹത മാത്രം ബാക്കിയാവുകയാണ്.
ALSO READ:28കാരനോടൊപ്പം വിവാഹം കഴിക്കാതെ ജീവിക്കാൻ അനുവദിക്കണമെന്ന് 67കാരി