പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടർന്ന് തിരുവല്ല താലൂക്കിന്‍റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ - ഇന്‍റർനെറ്റ് സംവിധാനങ്ങൾ തകരാറിലായി. ടവറുകളുടെ ജനറേറ്റർ യൂണിറ്റുകൾ സ്ഥാപിച്ചിരിക്കുന്ന മുറികളിൽ വെള്ളം കയറി ടവറുകളുടെ പ്രവർത്തനം നിലച്ചതാണ് മൊബൈൽ - ഇന്‍റർനെറ്റ് സംവിധാനങ്ങൾ തകരാറിലാകാൻ ഇടയാക്കിയത്. കോളുകൾ കണക്ട് ആവാതിരിക്കുക, കോൾ ഇടയ്ക്കിടെ കട്ടാകുക , ഇന്‍റർനെറ്റ് വേഗക്കുറവ് തുടങ്ങിയവയാണ് കഴിഞ്ഞ നാല് ദിവസമായി ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങൾ.
ബിഎസ്എൻഎൽ, ഐഡിയ, എയർടെൽ, ജിയോ തുടങ്ങി എല്ലാ മൊബൈൽ - ഇന്‍റർനെറ്റ് ശൃംഖലകളും തകരാറിലായിട്ടുണ്ട്. തകരാറിലായ ടവറുകളുടെ അറ്റകുറ്റപ്പണികൾ വെള്ളം ഇറങ്ങുന്ന മുറയ്ക്ക് നടത്തുമെന്നും പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നുമാണ് സേവന ദാതാക്കൾ നൽകുന്ന വിവരം.