പത്തനംതിട്ട: മഴ പെയ്തു മാറിയെങ്കിലും ആറന്മുള ഗ്രാമപഞ്ചായത്തിലെ നാലാം വാർഡായ കുശക്കുഴിയിലെ വീടുകളിലുള്ളവർക്ക് താൽക്കാലിക വള്ളങ്ങൾ തുഴഞ്ഞു വേണം വീടിന്‍റെ പുറത്തിറങ്ങാൻ. 10 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഏഴ് കുടുംബങ്ങൾ കഴിഞ്ഞ മൂന്ന് ദിവസമായി വെള്ളം പകുതി കയറിയ വീട്ടിലും മുകൾ നിലയിലുമായാണ് കഴിയുന്നത്.
കൊവിഡ് ഭീതി മൂലം ദുരിതാശ്വാസ ക്യാമ്പ് ഒഴിവാക്കി വെള്ളം ഇറങ്ങുന്നതും നോക്കിയിരിക്കുകയാണ് ഇവരെല്ലാം. എല്ലാ വർഷവും വെള്ളം കയറാറുണ്ടെങ്കിലും ഇവിടെയൊരു ബണ്ട് നിർമിക്കാത്തതാണ് ഇവരെ ദുരിതത്തിലാക്കുന്നത്. പമ്പ നദിയിൽ ജലനിരപ്പ് താഴ്ന്നെങ്കിലും കുശക്കുഴിയിൽ നിന്ന് വെള്ളം ഇറങ്ങാൻ ദിവസങ്ങളെടുക്കും. അത് വരെ ദുരിതക്കയത്തിൽ കഴിയേണ്ട അവസ്ഥയാണ് ഈ കുടുംബങ്ങൾക്ക്.