പത്തനംതിട്ട: തിരുവല്ലയിൽ അഞ്ചംഗ സംഘം മാരകായുധങ്ങളുമായി വീടുകയറി ആക്രമിക്കുന്നതറിഞ്ഞു അന്വേഷിക്കാനെത്തിയ നഗരസഭ കൗണ്‍സിലര്‍മാരെയും മുന്‍ കൗണ്‍സിലറെയും ഉൾപെടെ സംഘം ആക്രമിച്ചു. സംഭവത്തിൽ സംഘത്തിലെ മൂന്ന് യുവാക്കൾ തിരുവല്ല പൊലീസിന്‍റെ പിടിയിലായി. പെരിങ്ങോള്‍ വെങ്കടശ്ശേരി അഭിമന്യു (23), പെരിങ്ങോള്‍ വഞ്ചി പാലത്തിങ്കല്‍ മേനാട്ടില്‍ വീട്ടില്‍ സോജന്‍ സി ബാബു (23), പെരിങ്ങോള്‍ വലിയേടത്ത് വീട്ടില്‍ ജോയല്‍ (23) എന്നിവരാണ് പൊലീസ് പിടിയിലായത്.
സംഭവത്തില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലാവാനുണ്ടെന്ന് പൊലീസ് പറഞ്ഞു. അഴിയിടത്തുചിറ സംക്രമത്ത് വീട്ടില്‍ രാജേഷ് കുമാര്‍. തയ്യില്‍ വീട്ടില്‍ അജിത് കുമാര്‍, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ പാതിരപ്പള്ളി വീട്ടില്‍ പി.എസ് മനോഹരന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജി. വിമല്‍, 29-ാം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീനിവാസ് പുറയാറ്റ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്.
ആക്രമണത്തിന് കാരണം അതിര് തര്‍ക്കം: പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സ തേടി. നഗരസഭ താത്‌കാലിക ജീവനക്കാരനും 30-ാം വാര്‍ഡില്‍ താമസക്കാരനുമായ പെരിങ്ങോള്‍ വെങ്കടശ്ശേരി വീട്ടില്‍ പ്രദീപിന്‍റെ വീട്ടിൽ വെള്ളി രാത്രി എട്ടു മണിയോടെ ആയിരുന്നു അക്രമം. പ്രദീപ് സഹോദരി ജ്യോതിലക്ഷ്‌മി എന്നിവര്‍ തമ്മില്‍ പരസ്‌പരം അതിര് തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ഈ കേസ് കഴിഞ്ഞ ദിവസം കോടതിയില്‍ തീര്‍പ്പായിരുന്നു. പ്രദീപ് ഇന്നലെ സ്വന്തം വസ്‌തു വേലി കെട്ടി തിരിച്ചു. ഇതേ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വീടു കയറിയുള്ള ആക്രമണത്തിലെത്തിയത്.
സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുന്‍ കൗണ്‍സിലര്‍ പി.എസ് മനോഹരനെ അഞ്ചംഗസംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പിന്നാലെ എത്തിയ രാജേഷിനെയും അജിത്തിനെയും സംഘം ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിച്ചു. ആക്രമണത്തില്‍ രാജേഷിന്‍റെ ഇടതുകാലിനു ഒടിവ് സംഭവിച്ചു.
മനോഹരന്‍റെ മുഖത്താണ് പരിക്കേറ്റത്. അജിത്തിന്‍റെ തലയ്ക്ക് സാരമായി പരിക്കേറ്റു. ഇതിനിടെ സ്ഥലത്ത് എത്തിയ ശ്രീനിവാസിനും വിമലിനും നേരേ സംഘം കല്ലേറ് നടത്തി. കാലിന് പരിക്കേറ്റ രാജേഷിനെ ശസ്‌ത്രക്രിയക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
വീട് കയറി ആക്രമിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു: വീട് കയറിയുള്ള ആക്രമണങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഏനാദിമംലഗത്ത് വീട് കയറി നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചിരുന്നു. വീടു കയറിയുള്ള ആക്രമണത്തില്‍ മരിച്ച വീട്ടമ്മ സുജാതയ്‌ക്ക് കമ്പികൊണ്ട് അടിയേറ്റിരുന്നു.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സുജാത മരിച്ചത്. കുറുമ്പക്കര മുളയങ്കോട് കാപ്പ കേസിലെ പ്രതിയായ സൂര്യലാലിന്‍റെ വീടിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. അയല്‍വാസികള്‍ തമ്മില്‍ വസ്‌തു സംബന്ധമായ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ഇതേതുടര്‍ന്ന് വിഷയത്തില്‍ മരിച്ച സുജാതയുടെ മക്കള്‍ ഇടപെട്ടിരുന്നു. തര്‍ക്കത്തില്‍ ഇടപെട്ടതിന്‍റെ വൈരാഗ്യത്തില്‍ അക്രമകാരികള്‍ സുജാതയുടെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ സുജാത ഒഴികെ മറ്റാരും തന്നെ ഉണ്ടായിരുന്നില്ല.
അക്രമികള്‍ കമ്പിവടികൊണ്ട് സുജാതയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. കല്ല് ഉപയോഗിച്ച് നടത്തിയ അക്രമത്തില്‍ സുജാതയുടെ വാരിയെല്ലിനും പരിക്കേറ്റിരുന്നു. തുടര്‍ന്ന് അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടിലെ സാധനങ്ങള്‍ മുറ്റത്ത് വലിച്ചെറിയുകയും ചെയ്‌തിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്.