പത്തനംതിട്ട : തിരുവല്ല പെരിങ്ങരയിൽ സിപിഎം നേതാവ് പി.ബി സന്ദീപ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഴുവന്‍ പ്രതികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. എടത്വയില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രധാന പ്രതി ജിഷ്‌ണു രഘു, നന്ദു, പ്രമോദ് എന്നിവരെ പുലര്‍ച്ചെ കരുവാറ്റയില്‍ നിന്നും കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഫൈസലിനെ തിരുവല്ല കുറ്റൂരിലുള്ള വാടക മുറിയില്‍ നിന്നുമാണ് പിടികൂടിയത്. സംഭവം നടന്ന് 24 മണിക്കൂറിനകം കേസിലെ മുഴുവന്‍ പ്രതികളെയും പൊലീസ് വലയിലാക്കി.
മുന്‍വൈരാഗ്യമെന്ന് പൊലീസ്, തള്ളി കോടിയേരി
വ്യാഴാഴ്‌ച രാത്രി 8 മണിയോടെ ബൈക്കിലെത്തിയ അക്രമി സംഘം സന്ദീപിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഒളിവില്‍ പോയ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
മുഖ്യപ്രതി ജിഷ്‌ണു രഘുവിന് സന്ദീപിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ഇത് തീര്‍ക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കളെ കുട്ടി ആസൂത്രണം ചെയ്‌ത് കൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരണം.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ജിഷ്‌ണു ജയിലില്‍ വച്ചാണ് മറ്റ് പ്രതികളെ പരിചയപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ള പ്രതികള്‍ക്ക് കൊലപാതകം ആസൂത്രണം ചെയ്യാന്‍ വേണ്ടി കുറ്റൂരില്‍ മുറി വാടകയ്‌ക്കെടുത്തുനല്‍കി. ദിവസവും നാട്ടുകാര്‍ക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കിൽ സന്ദീപ് ഉണ്ടാകുമെന്ന് മനസിലാക്കി ഇവിടെ എത്തിയാണ് സന്ദീപിനെ കൊലപ്പെടുത്തിയത്.
എന്നാൽ പൊലീസ് നിഗമനം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ രംഗത്തെത്തി. അന്വേഷണം കഴിയാതെ രാഷ്ട്രീയ കൊലപാതകമല്ലെന്ന ബിജെപി വാദം പൊലീസ് ഏറ്റെടുക്കരുതെന്ന് കോടിയേരി പറഞ്ഞു. സര്‍ക്കാര്‍ ഇക്കാര്യം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
മൃതദേഹം സംസ്‌കരിച്ചു
അതേസമയം, വെള്ളിയാഴ്‌ച വൈകീട്ടോടെ സന്ദീപിന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം തിരുവല്ല താലൂക്ക് ആശുപത്രിയില്‍ നിന്നും തുടങ്ങിയ വിലാപയാത്രയില്‍ ആയിരങ്ങൾ അണിചേർന്നു. സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി ഓഫിസ്, പെരിങ്ങര ഗ്രാമപഞ്ചായത്ത്, പെരിങ്ങര ലോക്കല്‍ കമ്മിറ്റി ഓഫിസ് എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.
അഞ്ചരയോടെ ചാത്തങ്കരിയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌രിച്ചു. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, വി.എന്‍ വാസവന്‍, സജി ചെറിയാന്‍, വീണ ജോര്‍ജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ വിജയരാഘവന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.