പത്തനംതിട്ട: രോഗികള്‍ക്കും ഒറ്റപ്പെട്ടുകഴിയുന്നവര്‍ക്കും അവശ്യസാധനങ്ങള്‍ എത്തിച്ച് പത്തനംതിട്ട ഫയര്‍ ഫോഴ്‌സ് . കോന്നി, പത്തനംതിട്ട, ഇലന്തൂര്‍ എന്നിവിടങ്ങളിലെ ഇരുപതോളം നിരാലമ്പരായ രോഗികള്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും അരി, ഗോതമ്പുപൊടി, സവാള, കിഴങ്ങ്, മറ്റ് പലവ്യഞ്ജനങ്ങള്‍, സോപ്പ്, ഡെറ്റോള്‍ തുടങ്ങിയ 25 ഇന അവശ്യ വസ്തുക്കളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. പത്തനംതിട്ട ഫയര്‍ ആന്‍റ് റെസ്‌ക്യൂ സര്‍വീസ് സ്‌റ്റേഷനും സിവില്‍ ഡിഫന്‍സ് വോളിണ്ടിയേഴ്‌സും ചേര്‍ന്ന് സേവനത്തിലുള്ള മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സംഭാരം വിതരണം ചെയ്തു.
കോന്നി എലിയറയ്ക്കലില്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് 21 പേര്‍ക്കുള്ള അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തു.ഫയര്‍ ഫോഴ്‌സ് ജീവനക്കാരും സിവില്‍ ഡിഫന്‍സ് അംഗങ്ങളും സ്വന്തംനിലയ്ക്കും വിവിധ വ്യക്തികളില്‍ നിന്നും സ്വരൂപിച്ച സാധനങ്ങളും ബ്ലഡ് ഡൊണേറ്റ് കേരളയുമാണ് അവശ്യസാധന വിതരണത്തിന് മുന്‍കൈയ്യെടുത്തത്. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി വിനോദ് കുമാര്‍ നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ജില്ലാ ഭരണകൂടം, തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ആലോചിച്ച് അവശ്യ മരുന്നുകള്‍ എത്തിക്കുന്നതിലും ഫയര്‍ഫോഴ്‌സ് സേവനം ലഭ്യമാക്കും.