പത്തനംതിട്ട: ചലച്ചിത്ര നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. അപകടകരമായ നിലയില്‍ പ്രമേഹവും പ്രഷറും ഉയരുകയും ആന്തരികാവയവങ്ങളില്‍ വ്രണം ഉണ്ടാവുകയും ചെയ്തതോടെ ഒരുമാസത്തോളമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ടാഴ്ച മുൻപാണ് ഭാര്യ ഷീബ ഹൃദയാഘാതം മൂലം മരിച്ചത്. വെന്‍റിലേറ്ററിൽ കിടന്നാണ് ഭാര്യയുടെ മൃതദേഹം അവസാനമായി കണ്ടത്. അമിതഭാരവും വണ്ണവും ഉണ്ടായിരുന്ന നൗഷാദ് വര്‍ഷങ്ങള്‍ക്കു മുൻപ് ശരീരഭാരം കുറയ്ക്കാന്‍ ചില ശസ്ത്രക്രിയകള്‍ നടത്തിയിരുന്നു. ഇതിനുശേഷവും ഭാരവും വണ്ണവും കൂടിയതോടെ ശാരീരിക പ്രശ്നങ്ങള്‍ രൂക്ഷമായി. തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ നടത്തിവരികയായിരുന്നു.
ആന്തരികാവയവങ്ങളില്‍ വ്രണമുണ്ടായതോടെയാണ് തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സ തേടിയത്. ചലച്ചിത്ര നിര്‍മാണത്തോടൊപ്പം പാചകരംഗത്തും നൗഷാദ് സജീവമായിരുന്നു. തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും നടത്തുന്നുണ്ട്. ദുബായില്‍ ഉള്‍പ്പെടെ സിഗ്നേച്ചര്‍ റസ്റ്റോറന്‍റും നൗഷാദ് നടത്തിയിരുന്നു.
Also Read: നൗഷാദ് ഇപ്പോഴും വെന്‍റിലേറ്ററിലാണ്; മരണ വാർത്ത വ്യാജം
മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്. 13 വയസുകാരി നഷ്‌വയാണ് മകൾ.