പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമാണെന്നു നിയമസഭയുടെ മുതിര്‍ന്നപൗരന്മാരുടെ ക്ഷേമം സംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ പി മോഹനന്‍ പറഞ്ഞു (Facilities for senior citizens visiting Sabarimala). മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമം സംബന്ധിച്ചു പമ്പാ ശ്രീരാമ സാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പമ്പയിലും സന്നിധാനത്തും മുതിര്‍ന്ന പൗരന്മാര്‍ക്കു വേണ്ട ക്ഷേമപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ലഭ്യമാക്കും. കെഎസ്ആര്‍ടിസി ബസില്‍ മുതിര്‍ന്ന പൗരന്മാരുടെ സീറ്റ് സംവരണം, വിശ്രമകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം, പ്രാഥമിക മെഡിക്കല്‍ സംവിധാനം, പാലിയേറ്റിവ് കെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു സമിതി നിര്‍ദേശം നല്‍കി.
ശൗചാലയ സൗകര്യം, കുടിവെള്ള സൗകര്യം, സന്നദ്ധ സേവന സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍, വാഹനങ്ങള്‍ക്കുള്ള പാര്‍ക്കിംഗ് സംവിധാനം തുടങ്ങിയവ യോഗം വിലയിരുത്തി. വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളും സമിതി ചര്‍ച്ച ചെയ്‌തു. യോഗത്തിന് ശേഷം സമിതി ചെയര്‍മാന്‍റെ നേതൃത്വത്തില്‍ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരു മടങ്ങിയ സംഘം തീര്‍ഥാടകര്‍ക്കായുള്ള സൗകര്യങ്ങള്‍ പരിശോധിച്ചു.
സമിതി അംഗങ്ങളായ വാഴൂര്‍ സോമന്‍, സി കെ ഹരീന്ദ്രന്‍, ജോബ് മൈക്കള്‍, കെ പി കുഞ്ഞഹമ്മദുകുട്ടി മാസ്റ്റര്‍, ജില്ലാ കളക്‌ടര്‍ എ ഷിബു, ജില്ലാ പോലീസ് മേധാവി വി അജിത്, പമ്പ സ്റ്റേഷന്‍ ഓഫീസര്‍ ജി പൂങ്കുഴലി, ശബരിമല എഡിഎം സൂരജ് ഷാജി, അടൂര്‍ ആര്‍ഡിഒ എ തുളസീധരന്‍ പിള്ള, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ബി മോഹനന്‍, മറ്റു വകുപ്പു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പമ്പയിലെ പരിശോധനകള്‍ക്കു ശേഷം സന്നിധാനത്ത് എത്തിയ സംഘം അവിടുത്തെ ക്രമീകരണങ്ങള്‍ വിലയിരുത്തി. ഇത് സംബന്ധിച്ച അവലോകനയോഗം നാളെ (ഡിസംബര്‍ 6) രാവിലെ ഒന്‍പതിനു സന്നിധാനം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
ശബരിമല പോസ്റ്റ് ഓഫീസ്: ശബരിമല സന്നിധാനത്ത് സ്ഥിതിചെയ്യുന്ന പോസ്‌റ്റ് ഓഫീസിലാണ് രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത സവിശേഷതകളുള്ളത്. വര്‍ഷത്തില്‍ മൂന്നു മാസം മാത്രം സജീവമാകുന്ന തപാല്‍ ഓഫീസും പിൻകോഡുമാണ് ഇവിടുത്തേത്. മണ്ഡല മകരവിളക്ക് കാലത്ത് മാത്രമാണ് സന്നിധാനത്ത് ഓഫീസിന്‍റെ പ്രവര്‍ത്തനം നടക്കുക. ശ്രീ ശബരിമല അയ്യപ്പന്‍, 689713 എന്നതാണ് ഇവിടുത്തെ പിന്‍കോഡ്. ഉത്സവകാലം കഴിയുന്നതോടെ പിന്‍കോഡ് നിര്‍ജീവമാകും. കേവലം ഒരു പോസ്‌റ്റ് ഓഫീസ് ആണെങ്കിലും ഭക്തർക്ക് ഇത് അയ്യപ്പസ്വാമിയോട് സംസാരിക്കാനുള്ള ഉപാധിയാണ്.
മറ്റ് പോസ്‌റ്റ് ഓഫീസുകളിൽ പതിക്കുന്ന സീലുകളിൽ നിന്ന് വ്യത്യസ്‌തമായി, പതിനെട്ടാം പടിയും അയ്യപ്പ വിഗ്രഹവും ഉള്‍പ്പെടുത്തിയ തപാല്‍ മുദ്രയാണ് ഇവിടെ ഉപയോഗിക്കുന്നത്. തപാല്‍ വകുപ്പ് ഇത്തരം വേറിട്ട തപാല്‍ മുദ്രകള്‍ മറ്റൊരിടത്തും ഉപയോഗിക്കുന്നില്ല. അതിനാൽ തന്നെ മുദ്ര ചാര്‍ത്തിയ കത്തുകളും പോസ്‌റ്റ് കാർഡുകളും സ്വന്തം അഡ്രസിലേക്കും പ്രിയപ്പെട്ടവര്‍ക്കും അയക്കാന്‍ നിരവധി ഭക്തരാണ് ഇവിടേക്കെത്തുന്നത്.
ALSO READ: ശബരിമല അയ്യപ്പന്‍, പിൻ 689713; കത്തുകളും പാർസലുകളുമായി ശബരിമല പോസ്റ്റ് ഓഫീസ് തിരക്കിലാണ്