പത്തനംതിട്ട: ശബരിമല തീർഥാടകരുടെ ഇടത്താവളമായ എരുമേലിയിലെ മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം അവതാളത്തിൽ. ഒട്ടേറെ ഭക്തരെത്തുന്ന ഇടത്താവളത്തിലെ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാൻ 2018-2019 ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കവുങ്ങുംകുഴിയിൽ നിര്‍മിച്ച തുമ്പൂർമൂഴി മോഡൽ ജൈവമാലിന്യ സംസ്‌കരണ പ്ലാന്‍റിന്‍റെ പ്രവര്‍ത്തനമാണ് നിലച്ചിരിക്കുന്നത്.
ജൈവമാലിന്യങ്ങൾ പ്ലാന്‍റിലെത്തിച്ച് വളമാക്കി വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. തുടക്കത്തിൽ സുഗമമായി പ്രവര്‍ത്തിച്ചിരുന്ന പദ്ധതി പിന്നീട് മന്ദീഭവിച്ചു. കഴിഞ്ഞ മണ്ഡലകാലത്ത് പ്ലാന്‍റിലെത്തിച്ച മാലിന്യങ്ങൾ പോലും കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളത്.
മണ്ഡലകാലം അടുത്ത സാഹചര്യത്തിൽ മാലിന്യം നീക്കം ചെയ്യാതിരിക്കുന്നത് ഭക്തര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. മാലിന്യപ്ലാന്‍റിന്‍റെ മറവിൽ വൻ അഴിമതിയാണ് എരുമേലി ഗ്രാമപഞ്ചായത്തിൽ നടക്കുന്നതെന്ന് പ്രദേശവാസികളും ആരോപിക്കുന്നു.