പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളജില്‍ അടിയന്തര സജ്ജീകരണങ്ങളൊരുക്കാന്‍ തീരുമാനം. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന വകുപ്പ് മേധാവികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. മൈനര്‍ ഓപ്പറേഷന്‍ തീയറ്റര്‍, ഐസിയു മുതലായവ സ്ഥാപിച്ച് അത്യാഹിത വിഭാഗം ആരംഭിക്കാനും തീരുമാനമായി.
നിര്‍മാണത്തിന് 241.01 കോടി രൂപ
എംആര്‍ഐ, സിടി സ്‌കാന്‍ മുതലായവ ലഭ്യമാക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുന്നതിന് ഡിഎംഇയെ ചുമതലപ്പെടുത്തി. കോന്നി മെഡിക്കല്‍ കോളജിന്‍റെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി മുഖേന നടപ്പാക്കുന്നതിന് 241.01 കോടി രൂപയുടെ ഭരണാനുമതി നല്‍കി ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. എത്രയും വേഗം നടപടി പൂര്‍ത്തിയാക്കി രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് നിര്‍ദേശം.
2022ല്‍ മെഡിക്കല്‍ കോളജില്‍ അഡ്‌മിഷന്‍ ആരംഭിക്കാനുള്ള നടപടികള്‍ ഈ ആഴ്‌ച ആരംഭിക്കും. വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിന്‍റെ ഭാഗമായി എന്‍എംസിയുടെ അനുവാദം ലഭ്യമാക്കുന്നതാണ്. അഡ്‌മിഷനുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരാനും തീരുമാനിച്ചു.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വര്‍ധിപ്പിക്കും
ഗൈനക്കോളജി ചികിത്സയും ബ്ലഡ് ബാങ്കും ആരംഭിക്കുന്നത് സംബന്ധിച്ചും ചര്‍ച്ച നടത്തി. ആശുപത്രി വികസന സമിതി അടിയന്തരമായി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇത് നടപ്പാക്കുന്നതിന് ജില്ലാ കലക്‌ടറെ ചുമതലപ്പെടുത്തി.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. കൊവിഡിന്‍റെ മൂന്നാം തരംഗം കണക്കിലെടുത്ത് പീഡിയാട്രിക് ചികിത്സ വിഭാഗം, ഐസിയു എന്നിവ ശാക്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
Read more: കോന്നി മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗം ഉടൻ സജ്ജമാകും