പത്തനംതിട്ട: കൊടുമൺ അങ്ങാടിക്കലിൽ ആന ഇടഞ്ഞത് മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി പരത്തി. അങ്ങാടിക്കല്‍ വടക്ക് മണക്കാട് ദേവീക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കൊടുമണ്‍ സ്വദേശി ദീപുവിന്‍റെ ഉടമസ്ഥതയിലുള്ള ശിവശങ്കരന്‍ എന്ന ആനയാണ് കുളിപ്പിക്കാന്‍ കൊണ്ടുപോകുമ്പോള്‍ ഇടഞ്ഞത്.
ആനയെ തടിപ്പണി ജോലികള്‍ക്കായി അങ്ങാടിക്കല്‍ വടക്ക് സ്വദേശി കണ്ണന്‍ വാടകക്ക് എടുത്തതായാണ് വിവരം. മണക്കാട് ക്ഷേത്രത്തിന് സമീപമുള്ള പുരയിടത്തിലാണ് ആനയെ സ്ഥിരമായി തളക്കാറുള്ളത്. ഞായറാഴ്ച രാവിലെ ആനയെ കുളിപ്പിക്കാനായി സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോകുമ്പോഴാണ് ഇടഞ്ഞത്.
ഈ സമയം റോഡില്‍ കൂടി പോയ ബുള്ളറ്റിന്‍റെ ശബ്ദം കേട്ടതോടെയാണ് ആന വിരണ്ട് ഓടാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. വിരണ്ട ആന കോമാട്ട് മുക്ക് മണക്കാട് റോഡിലൂടെ ഓടി. ആന ഇടഞ്ഞത് അറിയാതെ പലരും ആനയ്ക്ക് മുന്നില്‍ പെട്ടെങ്കിലും ഉപദ്രവിച്ചില്ല. തീറ്റ നൽകിയും മറ്റും ആനയെ തളയ്ക്കാനുള്ള പാപ്പാന്‍മാരുടെ ശ്രമം ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടു.
ആന വിരണ്ടതോടെ ഇതു വഴിയുള്ള ഗതാഗതവും മണിക്കൂറോളം തടസപ്പെട്ടു. വിവരം നാട്ടുകാര്‍ പൊലീസിലും വനംവകുപ്പിലും പഞ്ചായത്ത് അധികൃതരെയും അറിയിക്കുകയായിരുന്നു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ എത്തി. ഉച്ചക്ക് 1.30 ഒടെയാണ് പാപ്പന്മാർ ആനയെ തളച്ചത്.